സൗരോർജ തൂക്കുവേലിയും വൈദ്യുതവേലിയും തകർത്ത് കാട്ടാന കൃഷിനശിപ്പിച്ചു
1600012
Thursday, October 16, 2025 1:17 AM IST
നെന്മാറ: വനംവകുപ്പിന്റെ സൗരോർജ തൂക്കുവേലിയും സൗരോർജവേലിയും തകർത്ത് കാട്ടാന കൃഷിനശിപ്പിച്ചു. നെല്ലിയാന്പതി റേഞ്ചിലെ തിരുവഴിയാട് സെക്ഷനിലെ കരിന്പാറയ്ക്ക് അടുത്ത് കൽച്ചാടിയിലാണ് കാട്ടാന തൂക്കുവേലിയിലേക്കും സൗരോർജവേലിയിലേക്കും മരം തള്ളിയിട്ടു കൃഷിയിടത്തിൽ ഇറങ്ങിയത്.
തൂക്കുവേലിയിലെ കന്പികളും വൈദ്യുതവേലിയും ഇതോടെ പൊട്ടിവീണു. വൈദ്യുതവേലികാലുകളും മുറിഞ്ഞുവീണു. രണ്ടുതരം വൈദ്യുതവേലികളും തകർത്ത് മരക്കന്പുകൾക്കിടയിലൂടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന കർഷകരായ ജംഷീദ് ഹസൻ, എം. അബ്ബാസ് ഒറവഞ്ചിറ എന്നിവരുടെ റബർ തോട്ടത്തിലൂടെയും കൃഷിയിടങ്ങളിലൂടെയും നടന്ന കാട്ടാന ചേവിണി കാദറിന്റെ കൃഷിയിടത്തിലെ തെങ്ങുകൾ നശിപ്പിച്ചു.
സമീപകർഷകരായ രാധാകൃഷ്ണൻ, രാജു, എൽദോസ് പണ്ടിക്കുടി എന്നിവരുടെ കൃഷിയിടങ്ങളിലും ചവിട്ടി നടന്ന് നാശംവരുത്തി. തുടർച്ചയായി കാട്ടാനയും മാനും കാട്ടുപന്നികളും മറ്റു വന്യമൃഗങ്ങളും സ്ഥിരമായി വരുന്ന കൽച്ചാടി മേഖലയിൽ തൂക്കുവേലി പണിപൂർത്തിയായിട്ട് ഒരുമാസമേ ആയിട്ടുള്ളൂ.
തൂക്കുവേലി പൂർത്തിയായതിനുശേഷം ആദ്യമായാണ് കാട്ടാന വേലി തകർത്ത് കൃഷിയിടത്തിൽ എത്തുന്നത്. ഇതോടെ കോടികൾ ചെലവഴിച്ച വനമേഖലയോട് ചേർന്ന് നിർമിച്ച തൂക്കുവേലിയിലൂടെയുള്ള വന്യമൃഗങ്ങളിൽനിന്നുള്ള സുരക്ഷാപ്രതീക്ഷയും നഷ്ടപ്പെട്ടെന്ന് പ്രദേശത്തെ കർഷകർ പരാതി പറഞ്ഞു. സൗരോർജ തൂക്കുവേലി കാട്ടാന തകർത്തതോടെ കരിന്പാറ മേഖലയിലുള്ളവർ ഭീതിയിലായി.
വനംജീവനക്കാരെ വിവരം അറിയിച്ചതിനെത്തുടർന്ന് വാച്ചർമാർ സ്ഥലത്തെത്തി സൗരോർജവേലിയിൽ നിന്നും മരം വെട്ടിമാറ്റി വേലി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തൂക്കുവേലികളും സൗരോർജ വേലികളും സ്ഥാപിക്കുന്പോൾ വേലികൾക്ക് ഹാനികരം ഉണ്ടാവാതിരിക്കുന്നതിന് നിശ്ചിത അകലത്തിൽ ‘വിസ്ത ക്ലിയറൻസ്’ പ്രദേശത്തെ വേലികൾക്ക് സമീപം നടത്തിയിട്ടില്ലെന്ന് ആക്ഷേപം ഉയർന്നു.
കൂടാതെ വൈദ്യുതവേലികളിൽ മൃഗങ്ങളോ മരക്കൊന്പുകളോ വീഴുകയൊ മനുഷ്യന് അപകടം പറ്റുകയോ ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയോ ചെയ്താൽ സമീപവാസികൾക്കോ വനംവാച്ചർമാരെയോ വിവരം അറിയിക്കുന്നതിനായി അലാറങ്ങൾ സ്ഥാപിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഇവിടെ സ്ഥാപിച്ച മുന്നറിയിപ്പ് അലാറം പ്രവർത്തിക്കുന്നില്ലെന്നും പരാതി ഉയർന്നു.