21 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് പൂർത്തിയായി
1599764
Wednesday, October 15, 2025 1:14 AM IST
പാലക്കാട്: തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സംവരണ വാർഡ് നറുക്കെടുപ്പ് പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തി.
മണ്ണാർക്കാട്, പാലക്കാട്, ശ്രീകൃഷ്ണപുരം ബ്ലോക്കുകളുടെ പരിധിയിലുള്ള 21 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പാണ് ഇതോടെ പൂർത്തിയായത്. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി നറുക്കെടുപ്പ് നിർവഹിച്ചു. രാവിലെ പത്തിനു തുടങ്ങിയ നടപടികൾ ഉച്ചയ്ക്കുശേഷം മൂന്നിനു സമാപിച്ചു.
മണ്ണാർക്കാട് ബ്ലോക്കിലെ അലനല്ലൂർ, കരിമ്പ , കോട്ടോപ്പാടം, കുമരംപുത്തൂർ, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, തെങ്കര, തച്ചനാട്ടുകര തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെയും, പാലക്കാട് ബ്ലോക്കിലെ പിരായിരി, മുണ്ടൂർ, കോങ്ങാട്, കേരളശ്ശേരി, മണ്ണൂർ, മങ്കര, പറളി ഗ്രാമപഞ്ചായത്തുകളിലെയും, ശ്രീകൃഷ്ണപുരം ബ്ലോക്കിലെ കടമ്പഴിപ്പുറം, കരിമ്പുഴ, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, കാരാകുറിശ്ശി, പൂക്കോട്ടുകാവ് പഞ്ചായത്തുകളിലെയും സംവരണ വാർഡുകളാണ് നറുക്കെടുത്തത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തെരഞ്ഞെടുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.