സൈലന്റ്വാലിയിൽ ആറു തുമ്പികളെക്കൂടി കണ്ടെത്തി
1599763
Wednesday, October 15, 2025 1:14 AM IST
അഗളി: വനംവന്യജീവി വകുപ്പും സൊസൈറ്റി ഫോർ ഒഡോണെറ്റ് സ്റ്റഡീസും സംയുക്തമായി സൈലന്റ്വാലി നാഷണൽ പാർക്കിൽ നടത്തിയ നാലാമത് തുമ്പി സർവേയിൽ ആറു പുതിയ തുമ്പികളെക്കൂടി കണ്ടെത്തി.
10, 11, 12 തീയതികളിലായി നടന്ന സർവേയിൽ ആകെ 83 ഇനം തുമ്പികളെ കണ്ടെത്താനായി. ഇതോടെ സൈലന്റ്വാലിയിൽ കണ്ടെത്തിയ തുമ്പികളുടെ വൈവിധ്യം 109 ആയി.
പുള്ളിവാലൻ ചോലക്കടുവ, ചൂടൻ പെരുംകണ്ണൻ, നിഴൽ കോമരം, നീലക്കഴുത്തൻ നിഴൽത്തുമ്പി, വയനാടൻ അരുവിയൻ, മഞ്ഞക്കറുപ്പൻ മുളവാലൻ എന്നീ തുമ്പിയിനങ്ങളെയാണ് പുതിയതായി കണ്ടെത്തിയത്.
ശുദ്ധജല സൂചകങ്ങളായ അരുവിയൻ തുമ്പികളുടെ സാന്നിധ്യം പ്രദേശത്തെ അരുവികളുടെ ഭദ്രമായ ആരോഗ്യസ്ഥിതി ഉ റപ്പിക്കുന്നതാണെന്ന് സർവേ സംഘം വിലയിരുത്തി. വടക്കൻ അരുവിയൻ, ചെങ്കപ്പൻ അരുവിയൻ, വയനാടൻ അരുവിയൻ എന്നീ മൂന്ന് അരുവിയൻ തുമ്പികളെയും സർവേയിൽ കണ്ടെത്തിയിരുന്നു. പശ്ചിമഘട്ടത്തിലെ ഉയർന്ന മലനിരകളിൽ മാത്രം കണ്ടു വരുന്ന കാട്ടുമുളവാലൻ തുമ്പിയെ കണ്ടെത്താൻ കഴിഞ്ഞത് ശ്രദ്ധേയമായി.
പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന തുമ്പിയിനങ്ങളായ തീക്കറുപ്പൻ, ചതുപ്പു മുളവാലൻ, വടക്കൻ മുളവാലൻ, നീലക്കഴുത്തൻ നിഴൽത്തുമ്പി, പുള്ളി നിഴൽത്തുമ്പി, കുങ്കുമ നിഴൽത്തുമ്പി എന്നിവയെയും കണ്ടെത്തി.
സൈലന്റ്വാലി റേഞ്ച് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ വി.എസ്. വിഷ്ണു, ഭവാനി റേഞ്ച് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എൻ. ഗണേശൻ എന്നിവരുടെ നേത്യത്വത്തിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 37 സന്നദ്ധപ്രവർത്തകരും സർവേയിൽ പങ്കെടുത്തു. തുമ്പി നിരീക്ഷകരായ ഡോ. സുജിത് വി ഗോപാലൻ, ഡോ.വിവേക് ചന്ദ്രൻ, മുഹമ്മദ് ഷെരീഫ്, രഞ്ജിത് ജേക്കബ് മാത്യൂസ്, ജി ചന്ദ്രൻ എന്നിവർ സർവേക്കു നേതൃത്വം നൽകി.