തടയണകളിൽ മണ്ണും ചെളിയും മണലും നിറഞ്ഞു; നവീകരിക്കാൻ പദ്ധതിയില്ല
1549796
Thursday, May 15, 2025 1:49 AM IST
ഷൊർണൂർ: കാലവർഷം ശക്തമാകുന്നതിന് മുമ്പ് തടയണകളിലെ മണലും ചെളിയും നീക്കം ചെയ്യണമെന്ന് ആവശ്യം. ഭാരതപ്പുഴക്ക് കുറുകെയുള്ള തടയണകളിൽ ഒന്നിൽ പോലും നിർമാണത്തിനുശേഷം ചെളിയും മണലും നീക്കം ചെയ്യാത്ത സാഹചര്യമാണ്.
തടയണകളുടെ ജല ആഗിരണശേഷിയും പരിമിതപ്പെട്ടുകൊണ്ടിരിക്കുകയാണ്. തടയണകളിൽ സംഭരിക്കുന്ന വെള്ളവും ഉപയോഗരഹിതമാകുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഭാരതപ്പുഴയിൽ ഷൊർണൂർ, മീറ്റ്ന, ലക്കിടി, തടയണകളിൽ അടിഞ്ഞുകൂടിയ മണലും ചെളിയുമാണ് കാലങ്ങളായി നീക്കംചെയ്യാതെ കിടക്കുന്നത്.
മഴക്കാലത്തിനു മുന്പു മണൽ നീക്കിയില്ലെങ്കിൽ പുഴയിൽ വെള്ളംകൂടുമ്പോൾ സമീപത്തെ വീടുകളിലേക്കു വെള്ളം കയറാനുള്ള സാധ്യത കൂടുതലാണ്. ഭാരതപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ മണലെടുപ്പ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഷൊർണൂർ തടയണയിൽ പ്രവൃത്തികൾക്ക് അനക്കം തട്ടിയിട്ടില്ല. കഴിഞ്ഞ പ്രളയകാലത്തു ഷൊർണൂർ തടയണയിൽ മണൽ വന്ന് അടിഞ്ഞുകൂടിയതിനാൽ വെള്ളം സംഭരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു.
വെള്ളം സംഭരിക്കാൻ കഴിയാതായതോടെ സമീപത്തെ ഏക്കറുകണക്കിനു കൃഷിയും പ്രതിസന്ധിയിലായിരുന്നു. ഷൊർണൂരിലെ കാരക്കാട് പോലുള്ള പ്രദേശങ്ങളിൽ കൃഷിക്കു വെള്ളമില്ലാതെ നെൽപ്പാടങ്ങൾ വിണ്ടുകീറിയ അവസ്ഥയായിരുന്നു.
ഇതാണു കർഷകർക്കും കോളനി നിവാസികൾക്കും ഇത്തവണയും ആശങ്ക. ആകെ 360 മീറ്റർ നീളത്തിലും രണ്ടര മീറ്റർ ഉയരത്തിലും ആണ് തടയണ നിർമിച്ചിട്ടുള്ളത്. പ്രതിദിനം 20 ദശലക്ഷം ലീറ്റർ ശേഷിയുള്ള ജലശുദ്ധീകരണി, പമ്പിംഗ് മെയിനുകൾ, മോട്ടോർ പമ്പുകൾ, ട്രാൻസ്ഫോമർ എന്നിവ ഉൾപ്പെടുന്ന കുടിവെള്ള പദ്ധതിയാണു ഭാരതപ്പുഴയിൽ നിലവിലുള്ളത്.
ഷൊർണൂർ നഗരസഭാ പ്രദേശത്തിനും വാണിയംകുളം പഞ്ചായത്തിനുമാണു തടയണ പദ്ധതി കൂടുതൽ ഗുണം ചെയ്തത്. തൃശൂർ ജില്ലാ മൈനർ ഇറിഗേഷൻ വിഭാഗമാണു കിഫ്ബി ഫണ്ടിൽ നിന്നു ഷൊർണൂർ- ചെറുതുരുത്തി തീരങ്ങളെ ബന്ധിപ്പിച്ചുള്ള തടയണ നിർമിച്ചത്.
ലക്കിടിയിൽ തിരുവില്വാമല, ലക്കിടി - പേരൂർ പഞ്ചായത്തുകളിലേക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത് ഭാരതപ്പുഴക്ക് കുറകെയുള്ള തടയണയിൽ നിന്നാണ്.
1994 നിർമിച്ച ഈ തടയണയിൽ മണ്ണും ചെളിയും മണലും നിറഞ്ഞ് തടയണനിറഞ്ഞ അവസ്ഥയാണ് ഉള്ളത്. മീറ്റ്ന തടയണയുടെ കാര്യവും വ്യത്യസ്തമല്ല.