മാന്നന്നൂർ ഉരുക്കുതടയണയുടെ നിർമാണം ഉടൻ പൂർത്തിയാകും
1549786
Thursday, May 15, 2025 1:49 AM IST
ഒറ്റപ്പാലം: വെള്ളപ്പൊക്കത്തിൽ തകർന്ന മാന്നനൂർ ഉരുക്ക് തടയണയുടെ പുനർനിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ. വേനൽമഴ ശക്തമായില്ലെങ്കിൽ തടയണയുടെ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കാനാകും. തടയണയ്ക്ക് തെക്കും വടക്കുമായി വെള്ളം ഒഴിഞ്ഞ് പോവാനായി നേരത്തെ രണ്ടു ചീർപ്പുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നത് ഇപ്പോൾ വലിപ്പം കുറച്ച് നാലു ചീർപ്പുകളായി വർധിപ്പിച്ചിട്ടുണ്ട്.
വശങ്ങളിൽ നിന്ന് ചീർപ്പുകളുടെ സ്ഥാനം ഉൾഭാഗത്തേക്ക് മാറ്റിയിട്ടുണ്ട്. തടയണയുടെ തെക്കുഭാഗം മണ്ണിട്ട് നികത്തുന്ന പ്രവൃത്തികൾ ഇതിനകം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. വർഷകാലത്തിനു മുമ്പ് തടയണയുടെ നിർമാണ പ്രവൃത്തികൾ പൂർണമായും പൂർത്തീകരിക്കാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവൃത്തികളാണ് അതിവേഗം പുരോഗമിക്കുന്നത്. കാലവർഷം ശക്തമായാൽ വീണ്ടും തടയണയുടെ ഭാഗങ്ങൾ തകരും എന്നതിനാലാണ് അടിയന്തരപ്രാധാന്യത്തോട് കൂടി പ്രവൃത്തികൾ പൂർത്തീകരിക്കാൻ നടപടികൾ പുരോഗമിക്കുന്നത്.