ഒറ്റപ്പാലം മിനി സിവിൽ സ്റ്റേഷൻ നവീകരണം: 50 ലക്ഷത്തിന്റെ പദ്ധതി സർക്കാരിനു സമർപ്പിച്ചു
1549789
Thursday, May 15, 2025 1:49 AM IST
ഒറ്റപ്പാലം: മിനിസിവിൽസ്റ്റേഷൻ അറ്റകുറ്റപ്പണികൾക്ക് അമ്പത് ലക്ഷം രൂപയുടെ പദ്ധതി. ഇത് സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചു. പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗമാണ് പദ്ധതി സമർപ്പിച്ചത്.
കെട്ടിടത്തിലെ ലിഫ്റ്റിന്റെ പ്രശ്നം പരിഹരിച്ച് നേരത്തേതന്നെ പ്രവർത്തനം തുടങ്ങിയിരുന്നു. മൂന്നുനിലകളിലെയും തറയോട് മുഴുവൻ മാറ്റി പൂർണമായും പുതിയവ പാകാനാണ് പദ്ധതി.
സിവിൽസ്റ്റേഷനിൽ 13 സർക്കാർ ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഭൂരിഭാഗം ഓഫീസുകളിലെയും നിലത്തെ തറയോടുകൾ പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്.
ഇത് ഓഫീസുകളിലുള്ള ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്ക് ഇവിടെയെത്തുന്ന ജനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
തട്ടിത്തടഞ്ഞുവീഴുന്ന പ്രശ്നവും പലരുടെയും കാലിൽ മുറിവുണ്ടാകുന്ന പ്രശ്നങ്ങളും പതിവായിരുന്നു.
താഴത്തെനിലയിൽ കൂടുതൽ പ്രശ്നമില്ലെങ്കിലും ഒന്നാംനിലയിലെയും രണ്ടാംനിലയിലെയും ഭൂരിഭാഗം ഓഫീസുകളിലും തറയോട് അവിടവിടെയായി തകർന്നുകിടക്കുകയാണ്.
2014 മേയിൽ ഉദ്ഘാടനം കഴിഞ്ഞ സിവിൽസ്റ്റേഷനിൽ സബ് ട്രഷറി, മോട്ടോർവാഹനവകുപ്പ് ഓഫീസ്, എക്സൈസ് റേഞ്ച് ഓഫീസ്, ഭൂപരിഷ്കരണ പ്രത്യേക തഹസിൽദാറുടെ ഓഫീസുകൾ, ലീഗൽ മെട്രോളജി ഓഫീസ്, ലേബർ ഓഫീസ് തുടങ്ങിയ ഓഫീസുകളാണ് പ്രവർത്തിക്കുന്നത്.
ശക്തമായി മഴപെയ്താൽ മുറ്റംനിറയെ വെള്ളം കെട്ടിനിൽക്കുന്ന പ്രശ്നവുമുണ്ട്.
വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനത്തിലെ പ്രശ്നമാണ് കാരണം. മിനി സിവിൽ സ്റ്റേഷൻ അറ്റകുറ്റപ്പണികൾ അടിയന്തരപ്രാധാന്യത്തോടുകൂടി നടപ്പാക്കാനാണ് തീരുമാനം.