ഒന്നാംവിള കൃഷി: കാലവർഷം പരമാവധി പ്രയോജനപ്പെടുത്തണം
1549792
Thursday, May 15, 2025 1:49 AM IST
പാലക്കാട്: കാലവർഷം പരമാവധി പ്രയോജനപ്പെടുത്തുന്ന വിധത്തിൽ ഈ വർഷത്തെ ഒന്നാം വിള കൃഷി ഇറക്കണമെന്ന് കൃഷിവകുപ്പ് അറിയിച്ചു.
ജില്ലയിൽ ഈ വർഷത്തെ ഒന്നാംവിള കൃഷി ഇറക്കുന്നത് സംബന്ധിച്ചുളള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന കൃഷി വകുപ്പ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജില്ലയിൽ ഒന്നാംവിള പ്രധാനമായും കാലവർഷത്തെ ആശ്രയിച്ചാണ് കൃഷി ഇറക്കുന്നത്. ഒന്നാംവിളക്ക് ഓലകരിച്ചിൽ (ബാക്ടീരിയൽ ലീഫ് ബ്ലൈറ്റ്) വ്യാപകമായതിനാൽ വിത്തിൽ തന്നെ സ്യൂഡോമുനസ് പരിചരണം നൽകേണ്ടതുണ്ട്.
ഒരു കിലോ വിത്തിന് 10 ഗ്രാം എന്ന തോതിലാണ് പരിചരണം നൽകേണ്ടത്. പറിച്ചു നടുന്നതിന് മുന്പ് ഞാറ് സ്യൂഡോമുനസ് ലായനിയിൽ മുക്കി നടുന്നതും നട്ട് ഒരു മാസം കഴിയുന്പോൾ സ്യൂഡോമുനസ് സ്പ്രേ ചെയ്തുകൊടുക്കുന്നതും ഓലകരിച്ചിൽ രോഗത്തെ പ്രതിരോധിക്കുവാൻ സഹായിക്കും. ഓലച്ചുരുട്ടിപുഴു, തണ്ടുതുരപ്പൻ എന്നിവയ്ക്ക് ട്രൈക്കോകാർഡ് ഉപയോഗിക്കാവുന്നതാണ്. ശാസ്ത്രീയമായ മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കണം ചുണ്ണാന്പും രാസവളങ്ങളും ഉപയോഗിക്കേണ്ടത്.
നെൽകൃഷി ചെയ്ത കർഷകർ സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാവണം. നെൽകൃഷിക്ക് സംസ്ഥാന സർക്കാരിന്റെ നെൽകൃഷി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഉത്പാദന ഉപാധികൾ, തരിശുനില കൃഷി, എൻഎഫ്എസ്എം പദ്ധതിയിൽ ഉൾപ്പെടുത്തി വിത്ത്, കളകീടനാശിനികൾ, പന്പ് സെറ്റ്, ത്രിതല പഞ്ചായത്ത് മുഖേന വിത്ത്, സ്ഥിരം കൃഷി സഹായം തുടങ്ങിയവയും കൂടാതെ ഉത്പാദന ബോണസും സബ്സിഡി മാനദണ്ഡങ്ങൾക്ക് അനുസൃതമായി നൽകിവരുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് അതാതു കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണെന്നും കൃഷിവകുപ്പ് അധികൃതർ യോഗത്തിൽ വ്യക്തമാക്കി.