സിപിഐ വിമതരെ ആക്രമിച്ച സംഭവത്തിൽ നടപടിയില്ലെന്ന് പരാതി
1549788
Thursday, May 15, 2025 1:49 AM IST
ഷൊർണൂർ: സിപിഐ വിമതർ സേവ് സിപിഐ എന്ന പേരിൽ പട്ടാമ്പിയിൽ സംഘടിപ്പിച്ച പൊതുപരിപാടി അലങ്കോലമാക്കിയവർക്കെതിരെ നടപടിയില്ലെന്ന് പരാതി.
രേഖാമൂലം പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലന്നാണ് ആക്ഷേപം. സിപിഐ വിമതർ സംഘടിപ്പിച്ച മാനവസംഗമത്തിന് നേരെയാണ് അതിക്രമമുണ്ടായത്.
അക്രമത്തിൽ നടപടി വേണമെന്നാവശ്യപ്പെട്ട് നേതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. സേവ് സിപിഐ ജില്ലാ സെക്രട്ടറി പാലോട് മണികണ്ഠനാണ് ഷൊർണൂർ ഡിവൈഎസ്പിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകിയിരുന്നു.
ജില്ലയിലെ സിപിഐ വിമതരായ സേവ് സിപിഐ ഫോറം പ്രവർത്തകർ സംഘടിപ്പിച്ച ‘മാനവസംഗമം’ വേദിയിലാണ് കൈയാങ്കളിയുണ്ടായത്.
പരിപാടിയുടെ ഉദ്ഘാടകനായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി.ടി. ബൽറാമിനെ നിശ്ചയിച്ചത് മുതൽ സിപിഐക്കുള്ളിൽ മുറുമുറുപ്പുണ്ടായിരുന്നു.
പരിപാടിയുടെ ഉദ്ഘാടനത്തിനുശേഷം സിപിഐ പ്രവർത്തകർ വേദിയിലെത്തി. തുടർന്ന് ഫ്ലെക്സ് ബോർഡ് വലിച്ചുകീറുകയും മുദ്രാവാക്യം വിളിക്കുകയുംചെയ്തു. ചെറിയരീതിയിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനെതിരെയാണ് സേവ് സിപിഐ പ്രവർത്തകർ പരാതി നൽകിയത്.
പരാതിയിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കഴിഞ്ഞ ജില്ലാ സമ്മേളനത്തോടെയാണ് സിപിഐക്കുള്ളിലെ ഗ്രൂപ്പിസം മറനീക്കി പുറത്തുവന്നത്.
മുഹമ്മദ് മുഹ്സിൻ എംഎൽഎയെ അനുകൂലിക്കുന്ന പക്ഷവും ഔദ്യോഗികപക്ഷവും നിലവിൽ പാർട്ടിക്കുള്ളിലുണ്ട്.
എംഎൽഎയെ അനുകൂലിക്കുന്ന പക്ഷക്കാരാണ് സേവ് സിപിഐ ഫോറം രൂപീകരിച്ചത്.