വടക്കഞ്ചേരിയിൽ ഹരിതകർമസേന ഈടാക്കുന്ന യൂസർഫീ സംബന്ധിച്ച് പരിശോധന വേണമെന്നു വ്യാപാരികൾ
1549791
Thursday, May 15, 2025 1:49 AM IST
വടക്കഞ്ചേരി: മാലിന്യം സംഭരിക്കുന്നതിന് പഞ്ചായത്ത് നിശ്ചയിച്ച തുകയ്ക്ക് വിരുദ്ധമായി ഹരിതകർമസേന വ്യാപാരികളിൽ നിന്നും അനധികൃതമായി യൂസർഫീ ഈടാക്കുന്നതു സംബന്ധിച്ച് പരിശോധിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക്, ബയോവേസ്റ്റ് എന്നിവ നീക്കം ചെയ്യുന്നതിന് വലിയ തുക ആവശ്യപ്പെട്ട് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നെന്നാണ് ആരോപണം
.
ഇത് നോക്കുകൂലിക്ക് സമാനമാണെന്ന് വ്യാപാരികൾ പറയുന്നു. പ്രതിഷേധിക്കുന്ന വ്യാപാരികളുടെ മാലിന്യം ശേഖരിക്കാതെയുള്ള തന്ത്രങ്ങളും ഹരിതകർമസേന നടത്തുന്നുണ്ട്.
പിരിവുകൾക്ക് അധികൃതരുടെ സമ്മതമുണ്ടെന്നാണ് ആക്ഷേപം. കൂടുതൽ തുക നൽകാൻ തയ്യാറാകാത്ത സ്ഥാപനങ്ങളുടെ ദിവസേനയുള്ള ബയോവേസ്റ്റ് പോലും നീക്കം ചെയ്യാത്ത സ്ഥിതിയുമുണ്ട്. ഹോട്ടലുടമകൾ ഉൾപ്പെടെ പലതവണ ഇതു സംബന്ധിച്ച് പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.
ചില സ്ഥാപനങ്ങളിലെ മാലിന്യം ആഴ്ചകളോളം ശേഖരിക്കാതെ കൂടുതൽ യൂസർഫീ നൽകിയാൽ നീക്കം ചെയ്യാമെന്ന നിലപാടും ഹരിതകർമസേന സ്വീകരിക്കുന്നതായി പറയുന്നു.
വ്യാപാരസ്ഥാപനങ്ങളുടെ മാലിന്യശേഖരണ ഫീസ് പഞ്ചായത്ത് അക്കൗണ്ടിലേക്ക് നേരിട്ടോ ഓൺലൈനായോ അടയ്ക്കുന്ന സംവിധാനം ഏർപ്പെടുത്തിയാൽ ഈ ചൂഷണം ഒഴിവാക്കാനാകുമെന്ന് വ്യാപാരികൾ അഭിപ്രായപ്പെടുന്നത്. മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് 50 രൂപയും വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 100 രൂപയുമാണ് ഈടാക്കുന്നത്. എന്നാൽ വടക്കഞ്ചേരിയിൽ ഹരിതകർമസേന ആഴ്ചയിൽ 300 രൂപ വരെ വാങ്ങുന്നു എന്നാണ് പരാതി. ലൈസൻസും മറ്റു ഫീസുകളും നൽകി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയാണ് ഈ വിധം ബുദ്ധിമുട്ടിക്കുന്നത്.
മാലിന്യ ശേഖരണത്തിന് പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള തുകകൾ പരസ്യപ്പെടുത്തണമെന്നും ചെറുകിട ഹോട്ടലുകളെ ഭീഷണിപ്പെടുത്തി യൂസർഫീ പിരിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വടക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ് പി.ജി. ഗോപിനാഥും സെക്രട്ടറി എ. അബ്ദുൾ നാസറും ആവശ്യപ്പെട്ടു.