കർഷകകോണ്‍ഗ്രസ് പ്രതിഷേധധർണ നടത്തി
1549787
Thursday, May 15, 2025 1:49 AM IST
പാലക്കാട്: സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ നട്ടം തിരിയുന്ന കർഷകർക്ക് രക്ഷാകവചം തീർക്കണമെന്നാവശ്യവുമായി കർഷകകോണ്‍ഗ്രസ് പ്രതിഷേധം നടത്തി. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൃഷിഭവനുകൾക്ക് മുന്നിലായിരുന്നു പ്രതിഷേധധർണ. കേര പദ്ധതിക്ക് കേന്ദ്രം നൽകിയ ആദ്യ ഗഡു 140 കോടി വകമാറ്റി ചെലവ് ചെയ്തതിനെതിരെയും നെല്ല് സംഭരണത്തിൽ ഇല്ലാത്ത സ്തംഭനാവസ്ഥ പരിഹരിക്കാൻ തയ്യാറാകാത്ത മന്ത്രിക്കെതിരെയും സംഭരിച്ച നെല്ലിന്റെ വില യഥാസമയം കർഷകർക്ക് നൽകാൻ സാധിക്കാത്ത സപ്ലൈകോ മന്ത്രി രാജിവെക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു കർഷകരുടെ പ്രതിഷേധം.
പ്രതിഷേധ ജില്ലാതല ഉദ്ഘാടനം കണ്ണാടി കൃഷിഭവന് മുന്നിൽ കർഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി. ഇക്ബാൽ നിർവഹിച്ചു. മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. രാജൻ മുഖ്യപ്രഭാഷണം നടത്തി. കർഷക കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ സി. സ്വാമിനാഥൻ, പങ്കജാക്ഷൻ മാസ്റ്റർ, കൃഷ്ണൻ, പ്രസാദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രിയകുമാരൻ എന്നിവർ പ്രസംഗിച്ചു.
തൃത്താല പട്ടിക്കരയിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബലറാം, കരിന്പുഴയിൽ കെപിസിസി സെക്രട്ടറി ഹരിഗോവിന്ദൻ മാസ്റ്റർ, എലപ്പുള്ളിയിൽ പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, നല്ലേപ്പിള്ളിയിൽ ബ്ലോക്ക് കോണ്‍ഗ്രസ്പ്രസിഡന്റ് കെ. രഘുനാഥ്, പൊൽപ്പുള്ളിയിൽ പ്രാണേഷ് രാജേന്ദ്രൻ, മേലാർകോട് കർഷക കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അരവിന്ദാക്ഷൻ, കുഴൽമന്ദത്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എസ്.രാമകൃഷ്ണൻ, പട്ടഞ്ചേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ്, പട്ടാന്പിയിൽ മുൻ കെപിസിസി മെന്പർ ഇ.ടി. ഉമ്മർ, കൊടുവായൂരിൽ ഡിസിസി സെക്രട്ടറി കെ എം. ഫെബിൻ, വടക്കഞ്ചേരി കണ്ണന്പ്രയിൽ അഡ്വ. ദിലീപ്, തേങ്കുറുശിയിൽ ഡിസിസി സെക്രട്ടറി പ്രകാശ് കാഴ്ചപറന്പിൽ എന്നിവർ ഉദ്ഘാടനം ചെയ്തു.
വടക്കഞ്ചേരി: കർഷക കോൺഗ്രസ് വണ്ടാഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനു മുന്നിൽ ധർണ സമരം നടത്തി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.അരവിന്ദാഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം. സുരേഷ് കുമാർ, ഗഫൂർ മുടപ്പല്ലൂർ, എൻ.വിഷ്ണു, കെ. പ്രകാശൻ, ഡികെടിഎഫ് മണ്ഡലം പ്രസിഡന്റ് കെ. പി. കൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.അനീഷ്, ഷൗക്കത്ത് വണ്ടാഴി, വി.സുരേഷ്, കെ.പ്രജിത്ത് എന്നിവർ പ്രസംഗിച്ചു.