സുവർണജൂബിലി ആഘോഷവേളയിൽ കരിമ്പ സ്കൂളിന് ആറാംതവണയും വിജയത്തിളക്കം
1549790
Thursday, May 15, 2025 1:49 AM IST
കല്ലടിക്കോട്: ഈ അധ്യയനവർഷത്തിൽ സുവർണജൂബിലി ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെയാണ് കരിമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നാല് വിദ്യാർഥിനികളുടെ വിയോഗം സംഭവിക്കുന്നതും, ആഘോഷത്തിലെ ആർഭാടങ്ങൾ ഒഴിവാക്കി രണ്ട് കുട്ടികൾക്ക് സ്നേഹഭവനം പ്രഖ്യാപിച്ചതും.
എന്നാൽ ദുഃഖസാന്ദ്രമായ ഈ സ്ഥിതിവിശേഷത്തിനിടെയും സ്കൂളിലെ എസ്എസ്എൽസി പരീക്ഷ ഫലം നൽകുന്നത് അതിജീവനത്തിന്റേയും ആഹ്ലാദത്തിന്റേയും പുതിയ അധ്യായം. പരീക്ഷ എഴുതിയ 188 വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. തുടർച്ചയായി ആറാം തവണയാണ് 100 ശതമാനം വിജയം ഉറപ്പിച്ചത്.
സന്തോഷത്തിന്റേയും പ്രചോദനത്തിന്റേയും ആശ്വാസകരമായ സന്ദർഭമാണിതെന്ന് പ്രിൻസിപ്പൽ ബിനോയ് എൻ. ജോൺ, ഹെഡ്മാസ്റ്റർ എം. ജമീർ എന്നിവർ പറഞ്ഞു. ഒരു നാടിന്റെ വിദ്യാഭ്യാസചരിത്രത്തിൽ അക്ഷരഗോപുരമായ കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 26 വിദ്യാർഥികൾക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്. വിജയികളെ ഗുരുവന്ദനം വേദിയിൽ സ്റ്റാഫ് കൗൺസിലും പിടിഎയും അഭിനന്ദിച്ചു.