കുരങ്ങുശല്യം നിയന്ത്രിക്കാൻ വനപാലകർ രംഗത്തിറങ്ങണമെന്നു നാട്ടുകാർ
1467653
Saturday, November 9, 2024 5:30 AM IST
അഗളി: അനുദിനം രൂക്ഷമായിവരുന്ന കുരങ്ങുശല്യം നിയന്ത്രിക്കാൻ വനപാലകർ ഇടപെടണമെന്ന ആവശ്യം ശക്തമായി. ഏതാനും ആഴ്ചകളായി ചിറ്റൂരിലും പരിസരപ്രദേശങ്ങളിലും കുരങ്ങുകൾ വൻനാശനഷ്ടമാണ് വിതയ്ക്കുന്നത്. വീട്ടുമുറ്റത്തും പരിസരത്തിലുമുള്ള മുഴുവൻ കായ്കനികളും കുരങ്ങന്മാർ കാലിയാക്കി.
കപ്പ, പപ്പായ, വാഴക്കുല, തെങ്ങ്, ജാതി, കുരുമുളകുകൊടി തുടങ്ങി കണ്ണിൽകണ്ട മുഴുവൻ കൃഷിഫലങ്ങളും കുരങ്ങുകൾ പിച്ചിച്ചീന്തുകയാണ്. കൂട്ടമായി എത്തുന്ന കുരങ്ങന്മാർ തെങ്ങുകളിൽ വെള്ളയ്ക്ക വരെ പൊട്ടിച്ചിടുകയാണ്. കമുക്, ഇഞ്ചി, വാഴ തുടങ്ങിയ കൃഷികൾ വലിച്ചുകീറി നശിപ്പിക്കുന്നു.
ഇതോടൊപ്പം വീടിനുള്ളിലും കുരങ്ങുകൾ നാശം വിതയ്ക്കുന്നു.
ഭക്ഷണപദാർഥങ്ങളും അരിയും പച്ചക്കറികളും അടുക്കളകളിൽ വലിച്ചുവാരി ഇടുകയും പതിവാക്കി.വീട്ടിൽ ആളില്ലാത്ത സമയം വീടിന്റെ പൂമുഖത്താണ് കുരങ്ങൻകൂട്ടം വാഴുന്നത്.
ചായക്കടകളിലും പലചരക്ക്കടകളിലും വാനരശല്യം കലുഷിതമാണ്. അട്ടപ്പാടി അണക്കെട്ടിനു വേണ്ടി സർക്കാർ പൊന്നിൻവിലക്കെടുത്ത് പദ്ധതി നടപ്പാക്കാതെ കാടുപിടിപ്പിച്ചിട്ടിരിക്കുന്ന പ്രദേശത്ത് തമ്പടിക്കുന്ന കുരങ്ങിൻകൂട്ടമാണ് ഉപദ്രവകാരികളായിരിക്കുന്നത്.
വൃദ്ധരുടെയും സ്ത്രീകളുടെയുംനേരെ ആക്രമ സ്വഭാവം കാണിക്കുന്നതായും പരാതിയുണ്ട്. കാട്ടാനയും കാട്ടുപന്നിയും മ്ലാവും മലയണ്ണാനും മരപ്പട്ടിയും മയിലും അടക്കമുള്ള പക്ഷിമൃഗാദികളുടെ ആക്രമണത്തിന് പുറമെയാണ് കുരങ്ങുകളുടെ കടന്നുകയറ്റം.
വനംവകുപ്പിനെ ഭയന്ന് ഇവയെ ഓടിച്ചകറ്റാൻ പോലും ജനങ്ങൾ ഭയപ്പെടുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ വനം ഉദ്യോഗസ്ഥർതന്നെ മുന്നിട്ടിറങ്ങണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.