മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിലും പഞ്ചായത്ത് റോഡുകളിലും ദുരിതയാത്ര
1461013
Monday, October 14, 2024 7:48 AM IST
വടക്കഞ്ചേരി: മംഗലം -ഗോവിന്ദാപുരം സംസ്ഥാനപാതയിലും പഞ്ചായത്തുകളിലെ റോഡുകളിലും വാഹനയാത്ര കഠിനതരമായി. വലിയ കിടങ്ങുകൾപ്പോലെയാണു പല റോഡുകളും. മഴയെ പഴിചാരി ഭരണനേതൃത്വങ്ങൾ രക്ഷപ്പെടുമ്പോൾ വാഹനയാത്രികരാണു വഴിയിൽ കുടുങ്ങുന്നത്.
മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാത, വിനോദ സഞ്ചാര കേന്ദ്രമായ മുടപ്പല്ലൂർ- മംഗലംഡാം റോഡ്, മലയോരപാതയായ വാൽകുളമ്പ്- പനംങ്കുറ്റി- പന്തലാംപാടം റോഡ്, പാലക്കുഴി ഉൾപ്പെടെ മലയോര മേഖലയിലേക്ക് പ്രവേശിക്കുന്ന വടക്കഞ്ചേരി പ്രധാനി- കണ്ണംകുളം റോഡ്, വടക്കഞ്ചേരി ടൗൺ കമ്മാന്തറ റോഡ്, വടക്കഞ്ചേരി ഗ്രാമം- തിരുവറ റോഡ്, വള്ളിയോട് മലബാർ ക്ലബ് റോഡ്, പൂക്കാട് ഭാഗത്തേക്കുള്ള റോഡ് തുടങ്ങി റോഡുകളെല്ലാം ഗതാഗതയോഗ്യമല്ലാത്ത വിധമാണിപ്പോൾ.
റോഡിനിരുവശവും മരങ്ങളുണ്ടെങ്കിൽ മഴക്കാലത്തു റോഡുതകരുമെന്ന തെറ്റായ പ്രചരണത്തിനു അപവാദമായിരുന്നു മുടപ്പല്ലൂർ- മംഗലംഡാം റോഡ്.
നല്ല രീതിയിൽ റീടാറിംഗ് നടത്തിയിരുന്ന റോഡ് കുറെക്കാലം തകരാതെ പിടിച്ചു നിന്നു. റീടാറിംഗിനായി കണക്കാക്കുന്ന എസ്റ്റിമേറ്റ് തുക മറ്റുവഴിക്കുപോകാതെ റോഡുവികസനത്തിനായി ഉപയോഗിച്ചാൽ ഏതുമഴയിലും മരങ്ങൾക്കിടയിലും ടാറിംഗ് വർഷങ്ങളേറെ നിലനിൽക്കും എന്നതിനൊരു തെളിവായിരുന്നു മംഗലംഡാം റോഡ്.
മംഗലംഡാം കുടിവെള്ള പദ്ധതിയുടെ പൈപ്പിടാൻ റോഡുകളെല്ലാം വെട്ടിപ്പൊളിച്ചതും നാട്ടിലെ യാത്രകൾ ദുർഘടയാത്രകളാക്കി മാറ്റി. പ്രതീക്ഷക്കു വകയില്ലാത്ത കുടിവെള്ള പദ്ധതിക്കായി നാലുപഞ്ചായത്തുകളിലെ റോഡുകളാണു വെട്ടിപ്പൊളിച്ച് പൈപ്പിട്ടിട്ടുള്ളത്.
വീടുകളിൽ ടാപ്പുവരെ സ്ഥാപിച്ചു കഴിഞ്ഞു. എന്നാൽ പൈപ്പിലൂടെ വിടാനുള്ളവെള്ളം എവിടെനിന്നുകിട്ടും എന്നതിനു ഉത്തരമായിട്ടില്ല. മംഗലംഡാമിലെ മണ്ണുംചെളിയുംനീക്കി കൂടുതൽ വെള്ളംസംഭരിച്ചു വേനലിലേക്ക് വെള്ളം സ്റ്റോർചെയ്യാം എന്നൊക്കെയാണു പദ്ധതി വിഭാവനംചെയ്യുന്നത്.
എന്നാൽ ഡാമിലെ മണ്ണെടുക്കൽ രണ്ടുവർഷമായി മുടങ്ങിക്കിടക്കുകയാണ്. ഇനി റീടെൻഡർ വരും എന്നൊക്കെ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ പഞ്ചായത്തുറോഡുകളെല്ലാം ഇനി എന്നുനന്നാകും എന്നതും കണ്ടറിയേണ്ടി വരും.