ബാങ്ക് വായ്പ മുടങ്ങിയവർക്കു കൈത്താങ്ങാകാൻ ഒറ്റപ്പാലം അർബൻ ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
1601145
Monday, October 20, 2025 1:10 AM IST
ഒറ്റപ്പാലം: വായ്പ കുടിശികയായവരെ സഹായിക്കാൻ ഒറ്റപ്പാലം കോ- ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. കോവിഡ് മഹാമാരി, പ്രളയം, പ്രകൃതിദുരന്തങ്ങൾ, മാറാരോഗങ്ങൾ, വായ്പയെടുത്തു മരണപ്പെട്ടവർ എന്നീ കാരണങ്ങൾ മൂലം കേരളത്തിലെ സഹകരണ ബാങ്കിംഗ് മേഖലയിൽനിന്നും വായ്പ എടുത്തിട്ടുള്ള പലരുടെയും തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ഇവരെ സഹായിക്കുന്നതിനു വേണ്ടി വിവിധതരത്തിലുള്ള കുടിശിക നിവാരണ പ്രവർത്തനങ്ങൾ നടപ്പാക്കിയെങ്കിലും പലർക്കും അത് പ്രയോജനപ്പെടുത്താനും വായ്പ തിരിച്ചടക്കാനും കഴിഞ്ഞിട്ടില്ല.
ഇത്തരത്തിൽ നിയമ നടപടികൾ നേരിടുന്നവരെ സഹായിക്കാൻ വേണ്ടിയും കുടിശികക്കാരെ ജപ്തി നടപടികളിൽനിന്ന് ഒഴിവാക്കുന്നതിനും റിസർവ് ബാങ്ക് നിർദേശിക്കുന്ന പ്രകാരം ബാങ്കിലെ കിട്ടാക്കടം ക്രമീകരിക്കുന്നതിനും ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ഭരണസമിതി നെഗോഷിയേറ്റഡ് സെറ്റൽമെന്റ് / വൺ ടൈം സെറ്റിൽമെൻറ് പോളിസിക്ക് രൂപം നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കുടിശികക്കാരുടെ സാമ്പത്തിക പ്രയാസങ്ങൾ കണ്ടറിഞ്ഞുകൊണ്ട് കൃത്യമായ ശുപാർശ സമർപ്പിക്കാൻ ബ്രാഞ്ച് മാനേജർമാരോട് നിർദേശിച്ചിട്ടുണ്ട്.
22, 23, 24 തീയതികളിൽ ബാങ്കിന്റെ 12 മണിക്കൂർബ്രാഞ്ച് ഹാളിൽ അദാലത്ത് നടക്കും.
ബ്രാഞ്ച് മാനേജർമാരുടെ ശുപാർശകൾ പരിഗണിച്ച് ഒറ്റത്തവണ തീർപ്പാക്കലിന് വേണ്ടി ബാങ്ക് അംഗീകരിച്ച മാനദണ്ഡം അനുസരിച്ച് ഇളവ് അനുവദിക്കുകയും , ഇത്തരത്തിൽ നടത്തുന്ന അദാലത്തിലെ ശുപാർശകൾ ബാങ്ക് ഭരണ സമിതി അംഗീകരിക്കുകയും, വായ്പകളിൽ ലഭിച്ച ഇളവ് പ്രയോജനപ്പെടുത്തി കുടിശികയിൽനിന്നും മോചിതരാകാൻ അവസരം ഒരുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
2024 ലും ബാങ്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതിലൂടെ 129 വായ്പക്കാർക്ക് 2.28 കോടി രൂപയുടെ ഇളവ് നൽകിയിരുന്നു.