ആനയടിയൻപരുതയിലെ മുനിയറകൾ നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ
1601147
Monday, October 20, 2025 1:10 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നക്കൽകടവ് ആനയടിയൻപരുതയിൽ മഹാശിലായുഗ കാലഘട്ടത്തിലെ മനുഷ്യനിർമിതങ്ങളായ മുനിയറകൾ നശിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ.
സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കടുത്ത ശിക്ഷാനടപടിയുണ്ടാകണമെന്നാണ് ആവശ്യം.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ തൃശൂരിൽ നിന്നുള്ള പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ചിട്ടുണ്ടെന്നും അടുത്തദിവസംതന്നെ അധികൃതർ എത്തുമെന്ന പ്രതീക്ഷയാണുള്ളതെന്നും നാട്ടുകാർ പറഞ്ഞു.
പഞ്ചായത്ത് മെംബർ റോയ് മാസ്റ്റർ, ചരിത്ര ഗവേഷകനും പട്ടാമ്പി ഗവ. കോളജിലെ ചരിത്ര വിഭാഗം പ്രഫസറുമായ കെ. രാജൻ, മൂന്നര പതിറ്റാണ്ടായി കൊന്നക്കൽക്കടവിലെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഫീനിക്സ് ക്ലബിന്റെ പ്രസിഡന്റ് ബെന്നി വെട്ടുകല്ലാംകുഴി, മുനിയറകൾപ്പോലെയുള്ള ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന എം. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ ഇന്നലെ മുനിയറകളുള്ള ആനയടിയൻപരുതയിലെ കുന്നിൻപ്പുറത്തെത്തിയിരുന്നു.
മദ്യപസംഘങ്ങളോ സാമൂഹ്യ വിരുദ്ധരോ അല്ല കൃത്യത്തിനുപിന്നില്ലെന്നും ബോധപൂർവമായി ആസൂത്രണം ചെയ്ത് നടത്തിയ പ്രവൃത്തിയാണ് നശിപ്പിക്കലിനു പിന്നിലെന്ന വിലയിരുത്തലാണുള്ളത്.
വലിയ കായികാധ്വാനമുള്ള ജോലിയായതിനാൽ വിദഗ്ദ്ധരായ കരിങ്കൽ പണിക്കാരുടെ സഹായത്തോടെയാകണം മുനിയറകൾ തകർത്തതെന്ന നിഗമനമാണുള്ളതെന്ന് എം. ഹരിദാസ് പറഞ്ഞു.
പാറപ്പുറങ്ങൾ നിറഞ്ഞ ആളൊഴിഞ്ഞ സ്ഥലമായതിനാൽ ഏറെ സമയമെടുത്താണ് മുനിയറയുടെ കുത്തുകല്ലുകളും മൂടിക്കല്ലും നശിപ്പിച്ചിട്ടുള്ളത്.
പതിനേഴര ഏക്കർ വരുന്ന വിരിച്ച പാറപ്പുറമായ ഈ കുന്നിൻപ്പുറത്ത് ഇരുപതിലേറെ മുനിയറകളുടെ ശേഷിപ്പുകളുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇതിൽ പൂർണതോതിലുണ്ടായിരുന്ന മുനിയറയാണ് കഴിഞ്ഞദിവസം തകർത്തത്.
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തൃശൂരിൽനിന്നും പുരവസ്തുവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി തുടർ നടപടികൾ നടക്കുന്നതിനിടെയാണ് ഈ സംഭവം.
പാലക്കുഴി മലയിൽ പോത്തുമട ഭാഗത്തും ഇത്തരം കല്ലറ എന്നറിയപ്പെടുന്ന മുനിയറകളുണ്ട്.
മൂന്ന് വലിയ പാറകല്ലുകൾ കുത്തിനാട്ടി അതിനു മുകളിൽ വലിയ വലുപ്പമുള്ള ഭീമൻ പാറപ്പലക സ്ഥാപിച്ചാണ് മുനിയറ നിർമിക്കുന്നത്.