തൃത്താല മണ്ഡലത്തിൽ ദേവഹരിതം പദ്ധതിക്കു തുടക്കം
1601149
Monday, October 20, 2025 1:10 AM IST
തൃത്താല: ഹരിതകേരള മിഷന്റെയും സുസ്ഥിര തൃത്താല പദ്ധതിയുടെയും പദ്ധതികളിലൊന്നായ ദേവഹരിതം പദ്ധതിക്ക് തൃത്താല മണ്ഡലത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്തിലെ പെരുമ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.
കാലാവസ്ഥാ വ്യതിയാനം, ഭൂഗർഭ ജലശോഷണം എന്നിവയ്ക്ക് പരിഹാരമായി പരിസ്ഥിതി പുനഃസ്ഥാപനത്തിനായി ദേവാലയങ്ങളിൽ സൃഷ്ടിക്കുന്ന ചെറുവനങ്ങളാണ് ദേവഹരിതം പച്ചത്തുരുത്തുകൾ.
മണ്ഡലത്തിലെ സാധ്യമായ എല്ലാ ആരാധനാലയങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പിന്തുണയോടെ പദ്ധതി നടപ്പിലാക്കാനാണ് ഹരിത കേരള മിഷൻ ഉദ്ദേശിക്കുന്നത്.
പരിപാടിയിൽ ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് അധ്യക്ഷനായി.
ഹരിതകേരള മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ നീരജ രാമദാസ് പദ്ധതി വിശദീകരിച്ചു. വാർഡ് മെംബർ ജ്യോതിലക്ഷ്മി, ക്ഷേത്രം അധികൃതർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.