തൃത്താല മണ്ഡലത്തില്‍ 1.63 കോടിയുടെ മണ്ണ്, ജലസംരക്ഷണ പദ്ധതി ഉദ്ഘാടനം 25ന്
1601140
Monday, October 20, 2025 1:10 AM IST
തൃത്താല: സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി 1.63 കോടി രൂപയുടെ പുതിയ മണ്ണ്, ജല സംരക്ഷണ പദ്ധതികള്‍ക്ക് മണ്ഡലത്തില്‍ തുടക്കമാകുന്നു. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിന് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 1.63 കോടി രൂപയുടെ അഞ്ച് ചെറുനീര്‍ത്തട പദ്ധതികള്‍ക്കാണ് തുടക്കമാകുന്നത്.
തൃത്താല ഗ്രാമപഞ്ചായത്തില്‍ ഉള്ളന്നൂര്‍ നീര്‍ത്തടത്തിലെ കണ്ണന്നൂര്‍ തോട് നവീകരണം, പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ പട്ടിശ്ശേരി നീര്‍ത്തടത്തിലെ ചേരാഞ്ചിറ തോട് നവീകരണം, ചാലിശേരി ഗ്രാമപഞ്ചായത്തില്‍ പട്ടിശേരി-2 നീര്‍ത്തടത്തിലെ പാലക്കല്‍ തോട് നവീകരണം, കപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ കുമരനെല്ലൂര്‍ നീര്‍ത്തടത്തിലെ പൂണൂല്‍കുളം നവീകരണം, പരുതൂര്‍ ഗ്രാമപഞ്ചായത്തില്‍ കാരമ്പത്തൂര്‍ നീര്‍ത്തടത്തിലെ ആര്ത്തിക്കുളം നവീകരണം എന്നീ പദ്ധതികള്‍ക്കാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ പുതിയതായി അനുമതി ലഭിച്ചിട്ടുള്ളത്.
2023- 24 സാമ്പത്തിക വര്‍ഷം മുതല്‍ അനുവദിച്ച പ്രത്യേക ബജറ്റ് വിഹിതം ഉപയോഗിച്ച് മണ്ഡലത്തില്‍ എട്ട് ചെറുനീര്ത്തടങ്ങളിലായി 1.88 കോടി രൂപ ചെലവഴിച്ച് മണ്ണ് ജല ജൈവസമ്പത്ത് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്. പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി എം.ബി. രാജേഷ് 25ന് ഉച്ചയ്ക്കുശേഷം മൂന്നിന് തൃത്താല ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കും.തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജയ അധ്യക്ഷയാകും.