പൊതുജനാരോഗ്യ നിയമപ്രകാരം ആദ്യകേസ് ; അനധികൃത ചികിൽസാകേന്ദ്രം
1460566
Friday, October 11, 2024 6:42 AM IST
കല്ലടിക്കോട്: ജില്ലയിൽ പൊതുജനാരോഗ്യ നിയമപ്രകാരം ആദ്യകേസിൽ ശിക്ഷവിധിച്ചു. മുണ്ടൂർ കപ്ലിപ്പാറയിലെ അനധികൃത മൂലക്കുരു ചികിൽസാകേന്ദ്രത്തിനെതിരേയാണ് നടപടി. നടത്തിപ്പുകാർക്കു പതിനഞ്ചുദിവസം തടവ് അനുഭവിക്കുകയോ അല്ലെങ്കിൽ ആയിരംരൂപ പിഴയടക്കുകയോ ചെയ്യണമെന്നാണു വിധി. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആരോഗ്യവകുപ്പ് കോങ്ങാട് ഹെൽത്ത് സൂപ്പർവൈസർ സിസിമോൻ തോമസ് ഫയൽചെയ്ത കേസിലാണു വിധി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 12ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കേന്ദ്രത്തിലെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ബയോ മെഡിക്കൽ- മാലിന്യം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ച, അണുവിമുക്തമാകാത്ത ഉപകരണങ്ങൾ, ക്ലിനിക്കൽ രജിട്രേഷൻ അഭാവം, പകർച്ചവ്യാധി റിപ്പോർട്ടിംഗ് ചെയ്യാത്തത്.
അലോപ്പതി മരുന്നുകളുടെ അനധികൃത ഉപയോഗം, അനധികൃത പരസ്യ ബോർഡ്, നോട്ടീസ് വിതരണം, അതിത്ഥി തൊഴിലാളിയെ ഉപയോഗപ്പെടുത്തിയുള്ള ചികിൽസ തുടങ്ങിയ നിയമ ലംഘനങ്ങളാണ് അന്നുകണ്ടെത്തിയത്.