സംസ്ഥാനതല പ്രവര്‍ത്തന പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും 13ന്
1460564
Friday, October 11, 2024 6:42 AM IST
പാലക്കാട്: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്തു നിര്‍വഹിച്ച വിവിധ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവും 13 ന് കൂറ്റനാട് ഗാമിയോ കണ്വന്ഷന് സെന്ററിൽ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. രാവിലെ പതിനൊന്നിനു നടക്കുന്ന ചടങ്ങില്‍ വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും.
60 അങ്കണവാടികളുടെ നിര്‍മാണം, 500 കാര്‍ഷിക കുളങ്ങളുടെ നിര്‍മാണം, 100 പൊതുകുളങ്ങളുടെ പുനരുദ്ധാരണം, 50 സ്വയംസഹായ സംഘങ്ങള്‍ക്കുള്ള വര്‍ക് ഷെഡ് നിര്‍മാണം, 250 കിലോമീറ്റര്‍ ഗ്രാമീണ റോഡുകളുടെ നിര്‍മാണം, വനവത്കരണ പരിപാടികളുടെ ഭാഗമായി മൂന്നു ലക്ഷം തൈകളുടെ നടീല്‍, മൂന്നുകോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കല്‍, 2000 കിലോമീറ്റര്‍ തോടുകളുടെയും നീര്‍ചാലുകളുടെയും പുനരുദ്ധാരണം, 900 കിണര്‍ റീചാര്‍ജ് പ്രവൃത്തികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. ഈ പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനവുമാണു മന്ത്രി നിര്‍വഹിക്കുക.
എംപിമാരായ അബ്ദുസ്സമദ് സമദാനി എംപി, കെ. രാധാകൃഷ്ണന്, വി.കെ. ശ്രീകണ്ഠന്, എംഎല്‍എമാരായ മുഹമ്മദ് മുഹ്സിന്, പി. മമ്മിക്കുട്ടി, കെ. പ്രേംകുമാര്‍, കെ. ശാന്തകുമാരി, എം. ഷംസുദീന്‍, എ. പ്രഭാകരന്, പി.പി. സുമോദ്, കെ. ബാബു, കെ.ഡി. പ്രസേനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര തുടങ്ങിയവര്‍ മുഖ്യാതിഥികളാവും.