ലോക തപാൽദിനത്തിൽ പ്രമുഖരോട് കത്തിലൂടെ സംവദിച്ച് വിദ്യാർഥികൾ
1460243
Thursday, October 10, 2024 7:45 AM IST
അഗളി: കത്തെഴുത്തിന്റെ മഹിമ നേരിട്ടറിയാൻ ലോക തപാൽദിനത്തിൽ അബ്ദുൾ കലാം ട്രൈബൽ സ്കൂളിലെ വിദ്യാർഥികൾ. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര- സംസ്ഥാന മന്ത്രിമാർക്കും വിദ്യാർഥികൾ കത്തയച്ചു.
ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലുമായി 101 കത്തുകളാണ് വിദ്യാർഥികൾ അയച്ചത്. സ്കൂളിലേക്കുള്ള വഴിയും അട്ടപ്പാടി -ചിന്നത്തടാകം റോഡും ശരിയാക്കണമെന്നും അട്ടപ്പാടി റൂട്ടിലേക്ക് കേടുപാടുകളില്ലാത്ത കെഎസ്ആർടിസി ബസുകൾ അനുവദിക്കണമെന്നും നാട്ടിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ലഹരി ഉപയോഗം തടയണമെന്നും കത്തുകളിൽ ആവശ്യപ്പെട്ടു.
ജനകീയ ആവശ്യങ്ങൾക്കൊപ്പം നാടിന്റെ പ്രത്യേകതയും സൗന്ദര്യവും വിവരിച്ചു കൊണ്ട് വരെ കുട്ടികൾ കത്തെഴുതിയിട്ടുണ്ട്. എഴുതിയ കത്തുകൾ പോസ്റ്റ് ചെയ്ത് മറുപടികൾക്ക് വേണ്ടി കാത്തിരിക്കുകയാണ് കുരുന്നുകൾ. സ്കൂൾ മാനേജർ ഉമാപ്രേമൻ, പ്രിൻസിപ്പൽ പി.ജി. ജെയിംസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.