തമിഴകവിശേഷം
1459569
Monday, October 7, 2024 7:38 AM IST
8,9,10ന് വൈദ്യുതി, ജലവിതരണം മുടങ്ങുമെന്നു അധികൃതർ
കോയമ്പത്തൂർ: കോയമ്പത്തൂർ സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ പില്ലൂർ മൂന്നാം കുടിവെള്ള പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 9, 10 തീയതികളിൽ നഗരത്തിലെ ചില പ്രദേശങ്ങളിൽ ജലവിതരണം ഉണ്ടാകില്ലെന്നു അധികൃതർ അറിയിച്ചു.
തുടിയലൂർ, വെള്ളക്കിണർ, ചിന്നുവേടമ്പട്ടി, കാളപ്പട്ടി, വിലാംകുറിശ്ശി, കൂണ്ടംപാളയം, വാട്വള്ളി കുറിച്ചി, കുനിയമുത്തൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെടുക.
എട്ടിനു ഭവാനി നദിയിലെ പ്രധാന പമ്പിംഗ് സ്റ്റേഷനിലെയും മരുതൂർ പ്രദേശത്തെ ജലശുദ്ധീകരണ പ്ലാന്റിലെയും അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിമാസ അറ്റകുറ്റപ്പണികൾ നടത്തും. വൈദ്യുതി വിതരണം അന്നേദിവസം രാവിലെ ആറുമുതൽ മുടങ്ങും.
ഡിഫൻസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിക്ക് പരിസ്ഥിതി ക്ലിയറൻസ്
കോയമ്പത്തൂർ: കോയമ്പത്തൂരിലെ ഡിഫൻസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതിക്ക് പരിസ്ഥിതി ക്ലിയറൻസ് ലഭിച്ചു. സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷൻ ഓഫ് തമിഴ്നാട് (സിപ്കോട്ട്) ആണ് പദ്ധതിയുടെ വികസനത്തിനു നേതൃത്വം നൽകുന്നത്.
സൂലൂരിലെ വാരപ്പട്ടിയിൽ 370.59 ഏക്കർ സ്ഥലത്താണ് ഡിഫൻസ് ഇൻഡസ്ട്രിയൽ പാർക്കിനു സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. ഡിഫൻസ് ഇൻഡസ്ട്രിയൽ പാർക്ക് ഏകദേശം 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കണക്കാക്കപ്പെടുന്നു,
കോയമ്പത്തൂരിലേക്ക് പ്രതിരോധ നിർമ്മാണ യൂണിറ്റുകൾ, അനുബന്ധ വ്യവസായങ്ങൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ മേഖലയിലെ പ്രതിരോധ സംബന്ധിയായ വ്യവസായങ്ങളുടെ കേന്ദ്രമായി നഗരത്തെ മാറ്റാനു സാധ്യതയുണ്ട്.
കോയമ്പത്തൂർ സെൻട്രൽ ജയിൽമാറ്റം: പ്രോജക്ട് റിപ്പോർട്ട് തയാറായി
കോയമ്പത്തൂർ: കോയമ്പത്തൂർ സെൻട്രൽ ജയിൽ മാറ്റുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കൽ പൂർത്തിയായതായി ജയിൽ വകുപ്പ് അധികൃതർ അറിയിച്ചു.
നിലവിൽ കോയമ്പത്തൂരിലെ നഞ്ചപ്പ റോഡിൽ പ്രവർത്തിക്കുന്ന സെൻട്രൽ ജയിൽ മാറ്റി സ്ഥാപിക്കാനുള്ള പദ്ധതി 2010-ൽ ഡിഎംകെ സർക്കാരിന്റെ കാലത്താണ് ആദ്യം പ്രഖ്യാപിച്ചത്. അതിനുപകരം ഒരു ശെംമൊഴി പൂങ്കാ സ്ഥാപിക്കാൻ തീരുമാനിച്ചു. ഏകദേശം 12 വർഷം മുമ്പ്, ജയിൽ സമുച്ചയത്തിന്റെ 45 ഏക്കർ ഭൂമി കോയമ്പത്തൂർ കോർപ്പറേഷനു സെംമൊഴി പൂങ്കാ പദ്ധതിക്കായി വിട്ടുനൽകുകയും പേര് മാറ്റുകയും ചെയ്തു.
ശേഷിക്കുന്ന 120 ഏക്കറിൽ തടവുകാരുടെ തടങ്കൽ സൗകര്യങ്ങൾ, ജയിൽ വർക്ക്ഷോപ്പുകൾ, ഗോഡൗണുകൾ എന്നിവയുണ്ട്.
കഴിഞ്ഞ വർഷം അവസാനം സെംമൊഴി പൂങ്ക സമുച്ചയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് അനുവദിച്ച സ്ഥലത്ത് അതിവേഗം പുരോഗമിക്കുകയാണ്. ജയിൽ സമുച്ചയത്തിന്റെ മറ്റൊരു ഭാഗത്ത് ലൈബ്രറിയും സയൻസ് സെന്ററും സ്ഥാപിക്കാനുള്ള ആലോചനയിലാണ്.
പുതിയ ജയിൽ സമുച്ചയത്തിന് ആവശ്യമായ സ്ഥലം കാരമടയ്ക്കുസമീപം പ്ലിച്ചിയിൽ കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായ ജയിൽ സൗകര്യങ്ങൾക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.