ഷൊർണൂരിന്റെ നഗരവനംപദ്ധതി കാണാൻ ആളുകളുടെ പ്രവാഹം
1459564
Monday, October 7, 2024 7:38 AM IST
ഷൊർണൂർ: ഷൊർണൂരിന്റെ നഗരവനം പദ്ധതി ശ്രദ്ധേയമാകുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ പദ്ധതി പ്രദേശത്തേക്ക് ആളുകൾ ഒഴുകിയെത്തുകയാണ്. പട്ടാമ്പി - പാലക്കാട് സംസ്ഥാന പാതയിൽ കുളപ്പുള്ളി ചുവന്നഗെയ്റ്റിലെ വനംവകുപ്പ് റേഞ്ച് ഓഫിസിനടുത്താണു നഗരവനം പദ്ധതി ആരംഭിച്ചിട്ടുള്ളത്.
25 ഏക്കർ സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 40 ലക്ഷം രൂപയുടെ കേന്ദ്ര സർക്കാർ വിഹിതത്തിലാണ് പദ്ധതിക്കു തുടക്കമിട്ടത്. ഗ്രാമഭംഗി നിലനിർത്തിയുള്ള പ്രവേശന കവാടം, കുട്ടികളുടെ പാർക്ക്, നക്ഷത്ര വനം, വെള്ളച്ചാട്ടം, നടപ്പാത, ഓപൺ ജിം എന്നിവ ഒരുക്കിയിട്ടുണ്ട്.
വൈകാതെ ഭക്ഷണ ശാലയും തുടങ്ങും. നിലവിലുണ്ടായിരുന്ന ക്വാറിക്ക് കൈവരി നിർമിച്ച് ഭംഗിയുള്ള കുളമാക്കി മാറ്റിയിട്ടുണ്ട്. വിവിധയിനം മുളകൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. അടുത്തു തന്നെ വൃക്ഷത്തൈകളും മറ്റും വിപണനാടിസ്ഥാനത്തിൽ വിറ്റഴിക്കാൻ നഴ്സറിയുണ്ടാക്കും. പത്തുവരെ നഗര വനത്തിൽ പ്രവേശനം സൗജന്യമാണ്. അതിന് ശേഷം മുതിർന്നവർക്കു ഇരുപതും കുട്ടികൾക്ക് പത്തും വീതം നിരക്ക് ഈടാക്കും. അടുത്ത ഘട്ടത്തിൽ സംസ്ഥാന സർക്കാർ, നഗരസഭ വിഹിതത്തിൽ വേറെയും സൗകര്യങ്ങളൊരുക്കും.
സ്വകാര്യ പങ്കാളിത്തവും തേടുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. സംസ്ഥാന പാതയിൽനിന്ന് ഒരു കിലോമീറ്റർ ദൂരമാണ് നഗര വനത്തിലേക്കുള്ളത്.