ആനവണ്ടി കഴുകിത്തുടച്ച് ചന്തമാക്കി വിദ്യാർഥികൾ
1458926
Friday, October 4, 2024 7:21 AM IST
വടക്കഞ്ചേരി: കെഎസ്ആർടിസി വടക്കഞ്ചേരി ഡിപ്പോയിലെ ബസുകളും ഡിപ്പോപരിസരവും വൃത്തിയാക്കി ആയക്കാട് സിഎ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർഥികളും സ്കൗട്ട് ആൻഡ് ഗൈഡുകളും.
സ്വച്ഛത ഹി സേവ എന്ന ശുചീകരണ കാമ്പയിന്റെ ഭാഗമായിട്ടായിരുന്നു ബസുകൾ കഴുകി തുടച്ച് ചന്തമാക്കിയത്.
കെഎസ്ആർടിസി ബസുകളുടെ സർവീസിനെ കുറിച്ചും ഡിപ്പോ പ്രവർത്തനവും കുട്ടികൾ കൂടുതൽ അടുത്തറിഞ്ഞു.
ലാഭനഷ്ടം നോക്കാതെയുള്ള കെഎസ്ആർടിസി സർവീസുകളുടെ സേവനത്തെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും അറിഞ്ഞപ്പോൾ വിദ്യാർഥികൾക്കതു പുതിയ അറിവുകളായി. 70 വിദ്യാർഥികൾ ക്ലീനിംഗ് പരിപാടിയിൽ പങ്കെടുത്തു. ഡിപ്പോ ഇൻ ചാർജ് ഷമ്മി ഗഫൂർ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ കെ. അനൂപ്, ഹയർസെക്കൻഡറി എൻഎസ്എസ് ജില്ലാ പ്രോഗ്രാം കോഡിനേറ്റർ പ്രവീൺ ശശിധരൻ, സ്കൗട്ട് ആലത്തൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി ഷിനു വി.ദേവ്, ഗൈഡ് ക്യാപ്റ്റൻ കെ. ഉമ്മുകുൽസു, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രമ്യ ആർ. ദാസ് എന്നിവർ നേതൃത്വം നൽകി.