മാലിന്യസംസ്കരണകേന്ദ്രത്തിൽ മലിനജല സംസ്കരണകേന്ദ്രം സ്ഥാപിക്കാൻ ധാരണ
1458427
Wednesday, October 2, 2024 7:35 AM IST
ഷൊർണൂർ: ഷൊർണൂരിൽ മലിനജല സംസ്കരണകേന്ദ്രം മാലിന്യസംസ്കരണകേന്ദ്രത്തിൽ സ്ഥാപിക്കാൻ ധാരണ. പദ്ധതിക്ക് വേണ്ടി റെയിൽവേ സ്ഥലം അനുവദിക്കാത്തതിനെത്തുടർന്നാണ് മലിനജല സംസ്കരണകേന്ദ്രം നഗരസഭയുടെ മാലിന്യസംസ്കരണ കേന്ദ്രത്തിലാക്കാൻ കൗൺസിലിൽ യോഗം തീരുമാനിച്ചത്. നിർമാണത്തിന് സർക്കാർ ഏജൻസിയായ ഇംപാക്ടിനെ ചുമതലപ്പെടുത്തിയതായി നഗരസഭാധ്യക്ഷൻ പറഞ്ഞു.
നഗരസഭയുടെ മാലിന്യസംസ്കരണകേന്ദ്രത്തിൽ ഇതിനായുള്ള സ്ഥലവും അനുവദിച്ചു. നഗരത്തിലെ മാലിന്യമുൾപ്പെടെ പൈപ്പുവഴി എത്തിച്ച് റെയിൽവേ അനുവദിക്കാമെന്നറിയിച്ചിരുന്ന ഒരേക്കർസ്ഥലത്ത് നിർമിക്കുന്ന കേന്ദ്രത്തിൽ സംസ്കരിക്കാനായിരുന്നു ആദ്യ ലക്ഷ്യം. എന്നാലിത് റെയിൽവേ റദ്ദാക്കിയെന്ന് നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ് പറഞ്ഞു.
റെയിൽവേ അനുവദിക്കുന്ന സ്ഥലത്തിന് വാടകയുൾപ്പെടെ നൽകണമെന്നും നേരത്തേ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭ തുടർനടപടികളും സ്വീകരിച്ചു. റെയിൽവേസ്റ്റേഷനിൽനിന്ന് ഒഴുകിയെത്തുന്ന മലിനജലമുൾപ്പെടെ സംസ്കരിക്കാവുന്ന രീതിയിലായിരുന്നു നഗരസഭയുടെ പദ്ധതി. കേന്ദ്രം നിർമിക്കുന്നതോടെ മലിനജലം ടാങ്കർലോറികളിലെത്തിച്ച് ശുദ്ധീകരിക്കും.
വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ള മലിനജലം സംസ്കരിക്കുന്നതിനും സൗകര്യമുണ്ടാകും.
ഇതോടെ പൊതുസ്ഥലത്തേക്ക് മലിനജലമൊഴുക്കുന്നതിന് നിയന്ത്രണമുണ്ടാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.