സ്വകാര്യ മില്ലുകാർ നെല്ലെടുക്കുന്നത് 10 രൂപയോളം കുറച്ച്
1454786
Saturday, September 21, 2024 2:03 AM IST
വടക്കഞ്ചേരി: ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചെങ്കിലും സപ്ലൈകോയുടെ നെല്ല്സംഭരണ നടപടികൾ ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുന്നത് കർഷകർക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നു.
നെല്ലിന്റെ തറവില ഇനിയും ഉയർത്തുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും വില സംബന്ധിച്ചുള്ള അവ്യക്തതയും തുടരുകയാണ്. സംഭരണവുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്നും വ്യക്തമായ മാർഗനിർദേശങ്ങൾ ഇതുവരെയും കൃഷിഭവനുകൾക്കും ലഭിച്ചിട്ടില്ല. കൊയ്ത നെല്ല് സൂക്ഷിച്ചുവെക്കാൻ സൗകര്യങ്ങളോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത കർഷകർ കിട്ടിയ വിലക്ക് നെല്ല് വിൽക്കേണ്ട ഗതികേടിലാണിപ്പോൾ. കിലോയ്ക്ക് 28 രൂപ 32 പൈസ തോതിലാണ് കഴിഞ്ഞ രണ്ടാം വിളനെല്ല് സപ്ലൈകോ സംഭരിച്ചത്. എന്നാൽ സ്വകാര്യ മില്ലുകളിൽ ഇപ്പോൾ നെല്ല് എടുക്കുന്നത് 20 രൂപയും അതിലും താഴേ നിരക്കിലാണെന്ന് കുറുവായ് ജൈവ പാടശേഖരത്തിൽ ഭാരതീയ പ്രകൃതി കൃഷിക്ക് നേതൃത്വം നൽകുന്ന പ്രസിഡന്റ് ശാന്തകുമാർ പറഞ്ഞു.
ഉണക്കക്കുറവ്, വൃത്തിയാക്കിയിട്ടില്ല എന്നൊക്കെ പറഞ്ഞും ഒരു ചാക്ക് നെല്ലിൽ തന്നെ രണ്ട് കിലോ പിന്നേയും കുറച്ചാണ് തൂക്കം കണക്കാക്കുന്നത്. ഇടയ്ക്ക് മഴപെയ്യുന്ന സാഹചര്യമുള്ളതിനാൽ കർഷകർക്ക് നെല്ല് സൂക്ഷിച്ചു വയ്ക്കാനും കഴിയുന്നില്ല. ഇത് ചൂഷണം ചെയ്താണ് മില്ലുകാരും വില താഴ്ത്തുന്നത്. കുറുവായ്, പരുവാശേരി, അയക്കാട് തുടങ്ങിയ പാടശേഖരങ്ങളിൽ ഓണത്തിന് പിന്നാലെ കൊയ്ത്ത് ആരംഭിച്ചിരുന്നു. മറ്റു പ്രദേശങ്ങളിലും കൊയ്ത്ത് സജീവമായി തുടങ്ങി. ഇക്കുറി തമിഴ്നാട്ടിൽ നേരത്തെ കൊയ്ത്ത് ആരംഭിച്ചതിനാൽ കുറഞ്ഞ വിലയ്ക്ക് നെല്ല് കിട്ടുന്ന സാഹചര്യവും മില്ലുകാർക്കുണ്ട്.
ഇതിനാൽ നാട്ടിലെ നെല്ല് എടുക്കാൻ മില്ലുകാർക്കും താല്പര്യമില്ല. പാലക്കാടൻ ജ്യോതി മട്ട എന്നൊക്കെ പറഞ്ഞ് വില്പന നടത്തുന്ന അരിയും ഇത്തരം ഗുണം കുറഞ്ഞ നെല്ല് എടുത്താണ്. നെല്ലുവില കുറഞ്ഞെങ്കിലും അരിവില ഇപ്പോഴും ഉയർന്നു നിൽക്കുകയാണ്.50 രൂപയും അതിലും കൂടുതലുമാണ് പാലക്കാടൻ പേരു പറഞ്ഞുള്ള ജ്യോതി മട്ടയുടെ ചില്ലറ വില്പന വില.
വർഷങ്ങളേറെയായി കർഷകരെ അവഗണിക്കുന്ന വിധമുള്ള സർക്കാരിന്റെ നിരുത്തരവാദപരമായ നിലപാടുകൾ മൂലം നെൽകൃഷി ഉപേക്ഷിക്കുന്ന കർഷകരുടെ എണ്ണവും കൂടിവരികയാണ്. പാടശേഖരങ്ങളുടെ കരഭാഗങ്ങളെല്ലാം തെങ്ങ്, വാഴ, കവുങ്ങ് തുടങ്ങിയ വിളകൾ പരീക്ഷിക്കുകയാണ് കർഷകർ. ഇതിനാൽ ഒാരോ വർഷവും മറ്റുവിളകളും കെട്ടിടങ്ങളുമായി കൃഷിഭൂമിയുടെ വിസ്തൃതിയും വളരെ വേഗത്തിലാണ് കുറഞ്ഞുവരുന്നത്.
സംഭരണത്തിലും നെല്ലിന്റെ വില നൽകുന്നതിലും നെൽകർഷകരെ വിഢികളാക്കുന്ന നടപടികളാണ് ഓരോ സീസണിലും ഉണ്ടാകുന്നത്.
ഓരോ വിളകൊയ്ത്തും എന്ന് ആരംഭിക്കും എന്നൊക്കെ നേരത്തെതന്നെ അറിയാമെന്നിരിക്കെ അതിനുള്ള മുന്നൊരുക്കങ്ങൾനടത്താതെ കൃഷി നഷ്ടമാക്കി അതിൽനിന്നും കർഷകരെ പിന്തിരിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നാണ് കർഷകർ ആരോപിക്കുന്നത്.