പരുതൂരിൽ തരിശിട്ടിരുന്ന നെൽപ്പാടങ്ങളിൽ ഇനി മുണ്ടകൻ വിളയും
1454501
Friday, September 20, 2024 1:55 AM IST
ഷൊർണൂർ: പരുതൂരിൽ തരിശിട്ടിരുന്ന 125 ഏക്കറിൽ കൃഷിയിറക്കി കർഷകർ. പതിറ്റാണ്ടുകൾക്ക്ശേഷമാണ് മംഗലം, കോടന്തൂർ, തെക്കേക്കുന്ന് പ്രദേശത്തെ പാടശേഖരങ്ങളിൽ നെല്ലിന്റെ പച്ചപ്പണിയുന്നത്. മുണ്ടകൻ നെൽവിത്തിനമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. 1997 ൽ നിലച്ച വെള്ളിയാങ്കല്ല് ചെറുകിട ജലസേചനപദ്ധതി ഈയിടെ പുനരുജ്ജീവിപ്പിച്ചതാണ് വീണ്ടും കൃഷിയിറക്കാൻ കർഷകർക്ക് തുണയായത്.
ഇപ്പോൾ ആവശ്യത്തിന് ജലം കിട്ടിവരുന്നുണ്ടെങ്കിലും തുടർന്നുള്ള സമയങ്ങളിൽ ജലസേചനപദ്ധതിവഴി ജലസേചനം നടത്തേണ്ടിവരും. വെയിൽവന്നാൽ പെട്ടെന്ന് വെള്ളംവറ്റുന്ന പാടങ്ങളാണ് ഇവിടെയുള്ളത്. 60 കുതിരശക്തിയുള്ള രണ്ട് മോട്ടോറുകൾ പദ്ധതിക്കുണ്ട്. സ്ഥിരമായ പമ്പ് ഓപ്പറേറ്ററെ നിയമിക്കേണ്ടതും കൂടുതൽ കനാലുകൾകൂടി നിർമിക്കണമെന്നതും അത്യാവശ്യമാണെന്ന് കർഷകർ പറയുന്നു. നൂറോളം കർഷകരാണ് ഇവിടെയുള്ളത്.
ഭാരതപ്പുഴയിൽ പദ്ധതിയുടെ ഉറവിടഭാഗത്ത് ജലലഭ്യതയില്ലാത്തതിനാൽ 1997-ലാണ് പദ്ധതി നിലച്ചത്. ഭാരതപ്പുഴയിൽ ജലസമൃദ്ധിയുള്ള വെള്ളിയാങ്കല്ല് ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്തേക്ക് പദ്ധതിയുടെ പമ്പ്ഹൗസും മോട്ടോറുകളും മാറ്റിസ്ഥാപിച്ചാണ് പദ്ധതി വീണ്ടും പ്രവർത്തിപ്പിക്കാൻ വഴിയൊരുക്കിയത്. 1997 ൽ കമ്മീഷൻ ചെയ്ത ജലസേചനപദ്ധതി പിന്നീടുവന്ന വെള്ളിയാങ്കല്ല് ജലസംഭരണിയുടെയും പാലത്തിന്റേയും ഒന്നരകിലോമീറ്റർ താഴെയായിരുന്നു. ഭാരതപ്പുഴയിൽ വൻതോതിൽനടന്ന മണലെടുപ്പും പുഴയുടെ ഒഴുക്ക് എതിർ ദിശയിലായതും പദ്ധതിയുടെ താളംതെറ്റിച്ചു.