പൊടിയിൽമുങ്ങി തെങ്കര റോഡ്
1454215
Thursday, September 19, 2024 1:42 AM IST
മണ്ണാർക്കാട്: മഴനിന്നതോടെ മണ്ണാർക്കാട് - തെങ്കര റോഡിൽ പൊടിശല്യം രൂക്ഷമാകുന്നു. ഇത് വാഹനയാത്രക്കാരേയും പരിസരത്തുള്ളവരെയും ഒരുപോലെ വലയ്ക്കുകയാണ്. ടാറിംഗിന് പാകപ്പെടുത്തിയ റോഡിൽ നിന്നും വൻതോതിൽ പൊടി ഉയരുന്നുവെന്ന് മാത്രമല്ല മെറ്റലുകൾ ഇളകി പരന്ന് കിടക്കുന്നത് അപകടഭീഷണിയും ഉയർത്തുന്നുണ്ട്.
വാഹനങ്ങൾ കടന്നുപോകുമ്പോൾ കല്ലുകഷ്ണങ്ങൾ ഇളകി തെറിക്കുകയും ചെയ്യുന്നു. ജൂണിലാണ് നെല്ലിപ്പുഴ സ്കൂളിന് സമീപം മുതൽ തെങ്കര വരെയുള്ള നാല് കിലോമീറ്റർ ദൂരത്തിൽ ടാറിംഗ് നടത്തുന്നതിനായി റോഡ് പരുവപ്പെടുത്തിയത്. എന്നാൽ മഴയെത്തിയതോടെ 1.3 കിലോമീറ്റർ ദൂരത്തിൽ ടാറിംഗ് പ്രവൃത്തികൾ നിലച്ചു.
പൊടി ഉയരാതിരിക്കാനുള്ള മിശ്രിതമിട്ട് പരുവപ്പെടുത്തിയ റോഡിൽ മഴ പെയ്തതോടെ കുണ്ടുംകുഴികളും നിറഞ്ഞു.വാഹനയാത്ര തീർത്തും ദുരിതവുമായി. കുഴികൾ കാരണം അപകടങ്ങളും സംഭവിച്ചിട്ടുണ്ട്.
നിരന്തരം പരാതി ഉയർന്നതിനാൽ അടുത്തിടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴികൾ നികത്തി. ഇതിനിടെ ഉറച്ചുകിടന്നിരുന്ന മെറ്റലുകൾ ഇളകുകയും ചെയ്തു.
ബസടക്കമുള്ള വലിയ വാഹനങ്ങൾ കടന്നുപോകുന്നതിനിടെ പൊടി ഉയരുമ്പോൾ പിന്നിലുള്ള വാഹനങ്ങൾക്ക് കാഴ്ചമറയുന്ന സാഹചര്യമാണ്. കൂടാതെ റോഡിൽ ഇളകി കിടക്കുന്ന മെറ്റലുകളിലൂടെ കയറി ഇരുചക്രവാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്നുമുണ്ട്.
പാതയോരത്തെ വീടുകളിൽ താമസിക്കുന്നവരും വ്യാപാര സ്ഥാപനങ്ങളിലുള്ള വരും കാൽനടയാത്രക്കാരും പൊടിമൂലം നേരിടുന്ന ബുദ്ധിമുട്ടും ചെറുതല്ല.
വാഹനത്തിരക്കേറെയുള്ള രാവിലേയും വൈകുന്നേരവുമാണ് കൂടുതലും പൊടി ഉയരുന്നത്. ഇത് സംബന്ധിച്ചെല്ലാം കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർക്ക് പരാതിയും ലഭിക്കുന്നുണ്ട്.
മഴ പ്രതികൂലമായില്ലെങ്കിൽ തടസപ്പെട്ട് കിടക്കുന്ന ടാറിംഗ് ജോലികൾ അടുത്ത ആഴ്ച ആരംഭിക്കുമെന്ന് കെആർഎഫ്ബി അധികൃതർ പറയുന്നു.
പുഞ്ചക്കോട് മുതൽ നെല്ലിപ്പുഴ സ്കൂളിന് സമീപം വരെയുള്ള ഭാഗത്ത് വീണ്ടും റോഡ് നിരപ്പാക്കിയ ശേഷം ടാറിംഗ് നടത്താനാണ് നീക്കം. 44 കോടി രൂപ ചെലവിലാണ് മണ്ണാർക്കാട്-ചിന്നത്തടാകം അന്തർസംസ്ഥാന പാതയിലെ ആദ്യറീച്ച് നവീകരണം നടന്നുവരുന്നത്.
നെല്ലിപ്പുഴ മുതൽ ആനമൂളി വരെയുള്ള എട്ടു കിലോമീറ്ററിൽ കലുങ്കുകൾ, അഴുക്കുചാലുകൾ എന്നിവയടക്കം നിർമിച്ചാണ് റോഡ് വികസനം.
പ്രധാന ജംഗ്ഷനുകളിലും സ്കൂൾ മേഖലയിലുമായി ആകെ രണ്ടര കിലോമീറ്ററിൽ ഇരുഭാഗത്തുമായി കൈവരികളോടുകൂടിയ നടപ്പാതയും നിർമിക്കും.
ആകെയുള്ള 41 കലുങ്കുകളിൽ പകുതിയലധികം കലുങ്കുകളുടെ നിർമാണം കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവയുടെ നിർമാണജോലികൾ ഒരുമാസത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ഇതിനുശേഷമാകും തെങ്കരയിൽ നിന്നും ആനമൂളി വരെയുള്ള ഭാഗത്തേക്ക് ടാറിംഗ് നടത്തുകയെന്നാണ് അധികൃതരിൽ നിന്നും ലഭ്യമാകുന്ന വിവരം.