തിരക്കിലമർന്ന് സിനിമാ തറവാട്; വരിക്കാശേരി മനയിലേക്ക് സന്ദർശകപ്രവാഹം
1453748
Tuesday, September 17, 2024 1:50 AM IST
ഒറ്റപ്പാലം: ഓണത്തിരക്കിലമർന്ന് മലയാള സിനിമയുടെ തറവാട്. ഈ ഓണക്കാലത്ത് നൂറുകണക്കിനാളുകളാണ് പ്രതിദിനം അഭ്രപാളികളിൽ മനം കൊതിപ്പിച്ച മന കാണാൻ ഒഴുകിയെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായിരുന്നു ഇത്. പലപ്പോഴും മനയിലേക്ക് പോകുന്ന ഗ്രാമീണപാതയിൽ ഗതാഗത കുരുക്കും രൂപപ്പെട്ടു.
മനിശേരിയിലാണ് വരിക്കമഞ്ചേരി മന എന്ന വരിക്കാശേരി മന സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് നിര്‍മിച്ച ഈ മന ഇന്നും ഗാംഭീര്യം ചോരാതെ കാഴ്ചക്കാരെ ത്രസിപ്പിച്ച് നിലനില്‍ക്കുന്നുണ്ട്. കലക്കകണ്ടത്തൂർ കുടുംബത്തിന് സാമൂതിരി രാജാവ് സമ്മാനമായി നൽകിയ സ്ഥലത്താണ് മന നിര്‍മിച്ചത്.
ആറേക്കര്‍ പറമ്പില്‍ മൂന്നു നിലകളുള്ള നാലുകെട്ട് കേരളീയ വാസ്തുവിദ്യാ പ്രകാരമാണ് നിർമിച്ചിരിക്കുന്നത്. രണ്ടു പത്തായപ്പുരകൾ, കളപ്പുര, വിശാലമായ പൂമുഖം, കുളം, പടിപ്പുര മാളിക തുടങ്ങിയവയെല്ലാം മനയിലുണ്ട്. കൊത്തുപണികള്‍ നിറഞ്ഞ തൂണുകളാണ് മനയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. വിശാലമായ മുറികളും നടുമുറ്റവും അകത്തളങ്ങളും ചുവർചിത്രങ്ങളും, ശില്പവേലകളുമെല്ലാം കാഴ്ചക്കാരെ മറ്റേതോ നൂറ്റാണ്ടിലേക്ക് കൂട്ടിക്കൊണ്ടുപോകും. മംഗലശേരി നീലകണ്ഠന്റെ തറവാട്. അതാണ് ഇന്ന് മലയാളികളെ സംബന്ധിച്ചിടത്തോളം വരിക്കാശേരി മന. ഏകദേശം എൺപതോളം മലയാള സിനിമകളും കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ദേവാസുരമെന്ന സിനിമയിലൂടെയാണ് ഈ മന മലയാളികള്‍ക്ക് ഓര്‍ത്തെടുക്കാനാവുക.
തീർഥം എന്ന ചിത്രമാണ് വരിക്കാശേരി മനയിൽ ആദ്യമായി ചിത്രീകരിച്ചത്. ആറാം തമ്പുരാൻ, നരസിംഹം, ചന്ദ്രോത്സവം, രാവണപ്രഭു, രാപ്പകൽ, വല്യേട്ടൻ, ബസ് കണ്ടക്ടർ. ദ്രോണ, മാടമ്പി, സിംഹാസനം, മിസ്റ്റർ ഫ്രോഡ്, സിംഹാസനം തുടങ്ങിയ ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചു. സിനിമാ ഷൂട്ടിങ്ങ് ഉള്ള ദിവസങ്ങള്‍ ഒഴിച്ച് എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ സന്ദര്‍ശകര്‍ക്ക് ഇവിടേക്ക് പ്രവേശനമുണ്ട്.