ഓണത്തിനു ചേനകൃഷി വിളവെടുപ്പു തുടങ്ങി
1451199
Saturday, September 7, 2024 12:18 AM IST
ഒറ്റപ്പാലം: ഓണവിപണി ലക്ഷ്യംവെച്ച് ചേനകൃഷി വിളവെടുപ്പ് തുടങ്ങി. ഗ്രാമീണമേഖലകളിൽ ഇത്തവണ വ്യാപകമായി ചേനകൃഷി ചെയ്തിട്ടുണ്ട്. പൊതുമാർക്കറ്റിൽ കിലോഗ്രാമിന് 90 രൂപ വിലയുള്ള ചേനയ്ക്ക് തോട്ടത്തിൽ 53 രൂപ ലഭിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. തൃശൂർ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് ചേന കൊണ്ടുപോകുന്നത്.
വിലപേശൽ നടത്തി ചേനയ്ക്ക് വില കുറയ്ക്കാതിരിക്കുന്നതിനും ന്യായമായ വില ലഭ്യമാക്കുന്നതിനും ചേനക്കർഷകർക്കിപ്പോൾ കൂട്ടായ്മകളുണ്ട്. പരമ്പരാഗത കൃഷിയിൽ നിന്നു വേറിട്ടും എന്നാൽ അവ ഒഴിവാക്കാതെയും പുതുവിള പരീക്ഷിച്ച് വിജയം കൊയ്യുകയാണ് കർഷകർ. ഇരിപ്പൂ നെൽക്കൃഷി ചെയ്തിരുന്ന പാടശേഖരങ്ങളിൽ ആദ്യകൃഷി നെല്ലിനു പകരം ചേനയാക്കി മാറ്റിയിരിക്കുകയാണ് പല കർഷകരുമിപ്പോൾ.
മിക്ക പാടശേഖരങ്ങളിലും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഒന്നാംവിളയായി ചേനയാണ് നടുന്നത്. നെല്ലാണു രണ്ടാംവിള. സ്വന്തം കൃഷിയിടത്തിലും പാട്ടഭൂമിയിലുമായാണ് പലരും ചേനകൃഷി നടത്തുന്നത്.
ഓണവിപണി കണക്കാക്കി വിളവെടുപ്പിനു തയാറാവുന്ന ചേനയാണ് ഭൂരിഭാഗം സ്ഥലത്തുമുള്ളത്. വയനാടൻ, കൂർഗ്, ഗജേന്ദ്ര എന്നിവയ്ക്കു പുറമെ നാടൻചേനയും കൃഷി ചെയ്യുന്നുണ്ട്. നെൽകൃഷിയേക്കാൾ 40 ശതമാനം തൊഴിൽ ചെലവ് കുറവാണെന്നതും വളത്തിന്റെ ആവശ്യം അത്ര വേണ്ടിവരുന്നില്ല എന്നതുമാണ് കർഷകർ ചേനകൃഷിയിലേക്കു തിരിയാൻ കാരണം.
ചേനയ്ക്കു കൊടുക്കുന്ന വളം നെൽകൃഷിക്കും പ്രയോജനം ചെയ്യും. ചേന പറിച്ചതിനു ശേഷം അതിന്റെ തണ്ടും ഇലയും മണ്ണിൽ ഉഴുതുചേർക്കുന്നതോടെ മണ്ണിന് വളക്കൂറ് കൂടുകയും നെൽകൃഷിയിൽ വിളവ് കൂടുതൽ കിട്ടുകയും ചെയ്യുന്നു.