സഹപാഠികൾക്കു വീടു നിർമിക്കാൻ കൈകോർത്ത് ചെറുപുഷ്പം സ്കൂളിലെ വിദ്യാർഥികൾ
1450656
Thursday, September 5, 2024 1:56 AM IST
വടക്കഞ്ചേരി: മഴയിൽ വീടുതകർന്ന കൂട്ടുകാർക്കു സഹപാഠികൾ വീടൊരുക്കുന്നു. ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിലെ വിദ്യാർഥികകളാണ് ചെറുപ്രായത്തിൽതന്നെ നന്മ പ്രവൃത്തികളുടെ ഉടമകളാകുന്നത്.
പോക്കറ്റ് മണിയായി ലഭിക്കുന്ന തുക സ്വരൂപിച്ചാണു കുട്ടികൾ കൂട്ടുകാരുടെ വീടുപണിയുന്നതിനു പ്രാരംഭതുക കണ്ടെത്തിയത്.
ബിരിയാണി ഫെസ്റ്റ് നടത്തിയും കുറച്ചുതുക സമാഹരിച്ചിരുന്നു. പിടിഎ, എംപിടിഎ, സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, അനധ്യാപകർ അങ്ങനെ കുട്ടികൾക്കൊപ്പം എല്ലാവരും സഹായഹസ്തങ്ങളുമായി രംഗത്തുവന്നപ്പോൾ ഉറപ്പേറിയ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അടിസ്ഥാന മൂലധനമായി. സുമനസുകളുടെ സഹായങ്ങൾ ഭവന നിർമാണത്തിന്റെ ഓരോഘട്ടത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു വീടുപണി ആരംഭിച്ചിട്ടുള്ളത്.
വീടിന്റെ കട്ട്ളവയ്പ്പുകർമം വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മിൻ വർഗീസ്, ചെറുപുഷ്പാശ്രമം സുപ്പീരിയർ സിസ്റ്റർ രഞ്ജിത, സിസ്റ്റർ ആൽഫിൽ ജോസ്, പിടിഎ പ്രസിഡന്റ് ബോബൻ ജോർജ്, വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി നിഷ ടീച്ചർ, സുമ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.