നെൽകൃഷി ഉപേക്ഷിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാൻ ഷൊർണൂരിലെ കർഷകർ
1443495
Saturday, August 10, 2024 1:25 AM IST
ൊഷൊർണൂർ: ഷൊർണൂരിൽ രണ്ടാം വിള നെൽകൃഷി ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ നിന്നും പുറകോട്ടില്ലെന്ന് കർഷകർ. ഷൊർണൂർ നഗരസഭ കൃഷിഭവന് കീഴിലുള്ള15 പാടശേഖര സമിതികളിൽ ഉൾപ്പെട്ട 1100 എക്കർ രണ്ടാം വിള നെൽകൃഷിയാണ് ഉപേക്ഷിയ്ക്കാൻ പാടശേഖര എകോപന സമിതി യോഗം തീരുമാനിച്ചതെന്നും തീരുമാനം മാറ്റേണ്ട ഒരു സാഹചര്യവും ഇല്ലെന്നുമാണ് കർഷകർ പറയുന്നത്.
നഗരസഭയിലെ 33 വാർഡുകളിലായി കണയം, മണ്ണാരംമ്പാറ, എടക്കാട്, കുളപ്പുള്ളി, പുറയംകുളങ്ങര, അന്തിമഹാകാളൻചിറ, മേൽമുറി, കല്ലിപ്പാടം, കവളപ്പാറ, കാരക്കാട്, ചുഡുവാലത്തൂർ, നെടുങ്ങോട്ടൂർ, പരുത്തിപ്ര, മുണ്ടായ എന്നീ 15 പാടശേഖര സമിതിളിലായി 860 കർഷകർ നെൽകൃഷി ചെയ്യുന്നുണ്ട്. 2023- 24 വർഷത്തിൽ മുണ്ടകൻ കൃഷി ചെയ്ത കർഷകർക്ക് മാർച്ച് 31 ന് മുമ്പ് ലഭിയ്ക്കേണ്ട നഗരസഭ പദ്ധതി പ്രകാരം നൽകുന്ന ഉഴവുകൂലി, കൃഷി വകുപ്പിൽ നിന്ന് ലഭിയ്ക്കുന്ന എസ്ഡിആർ ഫണ്ട്, ഉത്പാദന ബോണസ് എന്നിവ ഒരു വർഷം കഴിഞ്ഞിട്ടും കിട്ടാത്തതുകൊണ്ട് 2024 -25 ലെ രണ്ടാംവിള കൃഷി ഉപേക്ഷിയ്ക്കാനാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്. ചിങ്ങം 1 കർഷക ദിനാചരണത്തിൽ നിന്ന് കർഷകർ വിട്ട് നിൽക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റു കൃഷിഭവനുകളിൽ യഥാസമയം ഫണ്ട് കിട്ടുമ്പോൾ ഷൊർണൂർ കൃഷിഭവനിലെ കൃഷി ഫീൽഡ് ഓഫീസറുടെ നിരുത്തരവാദിത്വം മൂലമാണ് യഥാസമയം കർഷകർക്ക് ലഭിയ്ക്കേണ്ട ആനുകൂല്യങ്ങൾ മുടങ്ങിയതെന്നാണ് പരാതി.
ഇതിനെതിരെ കൃഷി വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, കൃഷിവകുപ്പ് ഡയറക്ടർ, ജില്ലാ കൃഷിഓഫീസർ എന്നിവർക്ക് നിരവധി പരാതികൾ നൽകിയിട്ടും നഷ്ടപ്പെട്ട ഫണ്ട് അനുവദിയ്ക്കുകയോ വീഴ്ച വരുത്തിയ കൃഷി ഭവനിലേയും നഗരസഭയിലേയും ബന്ധപ്പെട്ട ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് കർഷകർ ഈ വർഷത്തെ രണ്ടാം വിള നെൽകൃഷി ഉപേക്ഷിയ്ക്കുവാൻ തീരുമാനിച്ചത്. പാടശേഖരസമിതികൾ കൃഷി ഭവനിൽ സമരം നടത്തിയപ്പോൾ 15 ദിവസത്തിനകം എസ്ഡിആർ ഫണ്ട് ഹെക്ടറിന് 5500 രൂപ വെച്ച് കർഷകർക്ക് അനുവദിച്ചു തരാമെന്ന് ജില്ലാ, ബ്ലോക്ക് കൃഷി ഓഫീസർമാർ ഉറപ്പു നൽകിയിരുന്നതാണ്.
എന്നാൽസമരം കഴിഞ്ഞപ്പോൾ ഫണ്ട് ഹെക്ടറിന് 1200 രൂപയായി വെട്ടികുറച്ച് അനുവദിച്ചത് വലിയ പ്രതിഷേധമായി.
ഒരു ഹെക്ടർ (2.5 ഏക്കർ) കൃഷി ചെയ്യാൻ ചുരുങ്ങിയത് 1 ലക്ഷം രൂപ കർഷകർക്ക് ചെലവ് വരുമ്പോൾ ആണ് ഷൊർണൂർ മാത്രം 1200 രൂപ അനുവദിച്ചിട്ടുള്ളത്.