ഫാം ടൂറിസവും വൈവിധ്യവത്കരണവുമായി നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ഫാം
1435901
Sunday, July 14, 2024 3:50 AM IST
നെല്ലിയാമ്പതി:തരിശുരഹിത ഫാം എന്ന ലക്ഷ്യത്തിലേക്ക് നെല്ലിയാമ്പതി ഓറഞ്ച് ഫാം. ചോക്കലേറ്റ് ഉൾപ്പെടെ ഉണ്ടാക്കാൻ സാധിക്കുന്ന വിള എന്നനിലക്ക് കൊക്കോ കൃഷി തനിവിളയായും ഇടവിളയായും ഏകദേശം15 ഹെക്ടർ സ്ഥലത്ത് വ്യാപിപ്പിക്കുന്നതിന്റെ തൈനടീൽ ഉദ്ഘാടനം ചെയ്തു.
പാഷൻഫ്രൂട്ട് മെയിൻ ബ്ലോക്കിന്റെ മുൻവശത്തായി വിവിധ ഇനം ചെറി തൈകൾ നട്ട് പുതുതായി കൃഷി ആരംഭിച്ചു. പോളി ഹൗസിനുള്ളിൽ ഹൈടെക് കൃഷിരീതി അനുവർത്തിച്ച് കാർഷിക സർവകലാശാല പുറത്തിറക്കിയ കെപിസിഎച്ച് -1 എന്ന ഹൈബ്രിഡ് ഇനം സലാഡ് കുക്കുംബർ കൃഷിയുടെ വിത്ത് നടീൽ നിർവഹിച്ചു.
ഈ വർഷത്തെ ബട്ടർ ബീൻസ് കൃഷിയുടെ നടീൽ, ഫാം ടൂറിസം പരിപാടി കൂടുതൽ പരിപോഷിപ്പിക്കുന്നതിനായി ആമ്പൽകുളത്തിനു സമീപത്തായി പ്രത്യേകം സജ്ജമാക്കിയ പൂമ്പാറ്റയുടെ മാതൃകയിലുള്ള സെൽഫീ പോയിന്റ്, ഡിസംബർ - ജനുവരി മാസത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന ഫാം ഫെസ്റ്റിന്റെ മുന്നോടിയായി നഴ്സറിയിൽ വില്പനയ്ക്കായി ഗുണമേന്മയുള്ളതും വൈവിധ്യമാർന്നതും ആയ വിവിധയിനം നടീൽ വസ്തുക്കൾ, പ്രവർധനം നടത്തുന്ന പ്രവർത്തനത്തിന് ഓർക്കിഡ് തൈകൾ നടീൽ, തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും നെല്ലിയാമ്പതി ഫാമിൽനടത്തി.
ഓരോ പ്ലോട്ടുകളുടെയും ചാർജ് ഉള്ള കൃഷി അസിസ്റ്റന്റുമാരായ സി. നാരായണൻകുട്ടി, വി.എസ്. മഹേഷ്, വസീം, കൃഷ്ണകുമാർ, ജിനേഷ്, കൃഷ്ണദാസ്, ആതിര എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പദ്ധതികൾ നടത്തുന്നത്.
ഫാം ഫെസ്റ്റിന് മുന്നോടിയായി വൈവിധ്യമാർന്ന ഫാം ബ്യൂട്ടിഫിക്കേഷൻ, പുതുമയുള്ളതും ഗുണമേന്മയുള്ളതുമായ നടീൽ വസ്തുക്കളുടെ ഉത്പാദനം, ഹൈടെക് ഓപ്പൺ പ്രിസിഷൻ ഫാമിംഗ് കൃഷികൾ, ടിഷ്യൂ കൾച്ചർ ബനാന ഹർഡനിംഗ്, വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി, വൈവിധ്യമാർന്ന മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം മുതലായ പ്രവർത്തനങ്ങൾ ഫാമിൽ ഊർജിതമായി പുരോഗമിച്ചു വരുന്നു.
വിവിധ ഇനം സ്വദേശി വിദേശി ഇനം പഴവർഗങ്ങളുടെയും പച്ചക്കറികളുടെയും വിത്ത് മുതൽ സംസ്കരണവും മൂല്യ വർധനയും ഉൾപ്പെടെ പഠിക്കാനും മനസ്സിലാക്കാനും പ്രായോഗിക പരിജ്ഞാനം നേടാനും പറ്റുന്ന രീതിയിൽ മാറ്റിയെടുക്കുകയാണെന്ന് ഫാം സൂപ്രണ്ട് പി. സാജിദലി പറഞ്ഞു.