പട്ടാമ്പി എംഎൽഎക്കെതിരെ സിപിഐ നേതൃത്വം
1431222
Monday, June 24, 2024 1:35 AM IST
ഷൊർണൂർ: പട്ടാമ്പി എംഎൽഎ സംഘടിപ്പിച്ച അവാർഡുദാനചടങ്ങും വിവാദത്തിൽ. പരിപാടി പാർട്ടി അറിഞ്ഞില്ലെന്ന് സിപിഐ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
വിവിധ മത്സരവിജയികൾക്കായാണ് മുഹമ്മദ് മുഹ്സിൻ എംഎൽഎ അവാർഡുദാന ചടങ്ങ് സംഘടിപ്പിച്ചത്.
എന്നാൽ മറ്റ് രാഷ്ട്രീയ പാർട്ടികളെയെല്ലാം അറിയിച്ചിട്ടും സ്വന്തം പാർട്ടി നേതൃത്വത്തെ എംഎൽഎ പരിപാടി അറിയിച്ചില്ലെന്ന വിമർശനവുമായാണ് സിപിഐ മണ്ഡലം കമ്മിറ്റി രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാർട്ടി പുറത്താക്കിയ മുൻ മണ്ഡലം സെക്രട്ടറി പി.കെ. സുഭാഷ് ചെയർമാനായ സംഘാടകസമിതിയാണ് പട്ടാമ്പിയിൽ പട്ടാമ്പി എംഎൽഎ അവാർഡ് ഫോർ എക്സലൻസ് പരിപാടി സംഘടിപ്പിച്ചത്. കോൺഗ്രസ്, ബിജെപി, എൻസിപി തുടങ്ങിയ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തെങ്കിലും സിപിഐയുടെ ഔദ്യോഗിക പക്ഷത്തെ ആരുടെയും സാന്നിധ്യം വേദിയിൽ ഉണ്ടായിരുന്നില്ല. സിപിഐ എംഎൽഎ സംഘടിപ്പിക്കുന്ന പരിപാടിയുടെ വേദിയിൽ ഔദ്യോഗിക നേതൃത്വത്തിൽ നിന്നും ഒരാൾ പോലും പങ്കെടുക്കാതിരുന്നതും ശ്രദ്ധിക്കപ്പെട്ടു. അതേസമയം, പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരണം മുതൽ പാർട്ടിയെ അറിയിച്ചിരുന്നില്ലെന്നും എംഎൽഎയുടെ പല പരിപാടികളും പാർട്ടിയെ അറിയിക്കാറില്ലെന്നും മണ്ഡലം സെക്രട്ടറി ഒ.കെ. സെയ്തലവി ആരോപിച്ചു.
പാർട്ടി അംഗത്വം പോലും ഇല്ലാത്തവരെയാണ് സിപിഐ പ്രതിനിധികളായി പരിപാടിയിൽ പങ്കെടുപ്പിച്ചിരുന്നതെന്നും ഒ.കെ. സെയ്തലവി പറഞ്ഞു.
എംഎൽഎയുമായി ബന്ധപ്പെട്ട പരിപാടികളൊന്നും പാർട്ടിയെ അറിയിക്കാറില്ലെന്നതാണ് ഔദ്യോഗിക പക്ഷത്തിന്റെ കുറച്ചുവർഷങ്ങളായുള്ള പ്രധാന ആരോപണം.
വരുംദിവസങ്ങളിൽ ഇതും ചർച്ചയാവും. അതേസമയം, പാർട്ടിയുടെ പട്ടാമ്പി ലോക്കൽ കമ്മിറ്റി ഭാരവാഹികളടക്കം പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്ന് സംഘാടകസമിതി ചെയർമാൻ പി.കെ. സുഭാഷ് പറഞ്ഞു.