സർക്കാരിന്റെ വികലമായ മദ്യനയം തിരുത്തുക: കത്തോലിക്ക കോണ്ഗ്രസ്
1425082
Sunday, May 26, 2024 7:38 AM IST
പാലക്കാട്: കേരളത്തെ മദ്യവിമുക്തമാക്കുമെന്നു പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിന്റെ വികലമായ മദ്യനയം കേരളത്തിലെ പ്രബുദ്ധരായ ജനതയോടുള്ള വെല്ലുവിളിയാണെന്നും മദ്യനയം തിരുത്തണമെന്നും കത്തോലിക്കാ കോണ്ഗ്രസ് പാലക്കാട് രൂപത പ്രതിനിധി സഭാസമ്മേളനം ആവശ്യപ്പെട്ടു.
റെസ്റ്റോറന്റുകളിലൂടെ ബിയറും ബാറുകളിൽ കള്ളും വിതരണം ചെയ്യാനും ഡ്രൈ ഡേയിൽ സുലഭമായി മദ്യം ലഭ്യമാക്കാനുമുള്ള തീരുമാനം പുനഃപരിശോധിക്കണം.
ഇത് വലിയ അഴിമതിക്ക് കളമൊരുക്കും. ടൂറിസത്തിന്റെ മറവിൽ കേരളത്തിൽ മദ്യം സുലഭമാക്കാനുള്ള സർക്കാർ തീരുമാനം ദൗർഭാഗ്യകരമാണ്. വരുമാന വർധനയ്ക്കുള്ള ശുപാർശകളിൽ മദ്യ ഉൽപാദനം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നീക്കം ആശങ്കയുളവാക്കുന്നതാണ്. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള സർക്കാരിന്റെ ഗൂഢ പദ്ധതികൾ അവസാനിപ്പിക്കുകയും വികലമായ മദ്യനയം തിരുത്തുകയും ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും കത്തോലിക്കാ കോണ്ഗ്രസ് അറിയിച്ചു.
പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷനായി. രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ജന.സെക്രട്ടറി ജിജോ ജെയിംസ് അറയ്ക്കൽ, ട്രഷറർ കെ.എഫ്.ആന്റണി, വൈസ് പ്രസിഡന്റ് ഷേർളി റാവു, ഫൊറോന പ്രസിഡന്റുമാരായ ഡെന്നി തെങ്ങുംപള്ളി, ബെന്നി മറ്റപ്പിള്ളി, ബിജു മലയിൽ, ജോയ് ഫിലിപ്പ്, സുരേഷ് വടക്കൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ പുതിയ രൂപത ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു.
പുതിയ ഭാരവാഹികളായി അഡ്വ.ബോബി ബാസ്റ്റിൻ-പ്രസിഡന്റ്, ജിജോ ജെയിംസ് അറയ്ക്കൽ-ജനറൽ സെക്രട്ടറി, ജോസ് മുക്കട-ട്രഷറർ, കെ.എഫ്. ആന്റണി, ജോസ് വടക്കേക്കര, എലിസബത്ത് മുസോളിനി, ബെറ്റി ലോറൻസ്-വൈസ് പ്രസിഡന്റുമാർ, ബെന്നി ചിറ്റേട്ട്, സേവ്യർ കലങ്ങോട്ടിൽ, ജോണ്സണ് വിലങ്ങുപാറ, ദീപ ബൈജു, സച്ചു ജോസഫ്, കെ.ബി.ഷിബു, അഡ്വ.ബെന്നി ജോബ്, എ.ജെ.ജോണ്സണ്-സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.