അട്ടപ്പാടിയിലെ ക്ഷീരസംഘം അടച്ചുപൂട്ടൽ ഭീഷണിയിൽ
1417861
Sunday, April 21, 2024 6:29 AM IST
അഗളി: അട്ടപ്പാടിയിലെ കുറവൻ പാടിയിലെ ആദ്യകാല ആപ്കോസ് ക്ഷീരസംഘം അടച്ചു പൂട്ടൽ ഭീഷണിയിലേക്ക്. അട്ടപ്പാടിയിലെ പ്രധാന കുടിയേറ്റ മേഖലകളിൽ ഒന്നാണ് പുലിയറ കുറവൻ പാടി പോത്തുപാടി പ്രദേശങ്ങൾ.
കുടിയേറ്റ കർഷകരുടെ ഒരു പ്രധാന വരുമാന മാർഗമായിരുന്നു കാലിവളർത്തൽ. നാലു പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇവിടെ ക്ഷീരവികസന സംഘം പ്രവർത്തിച്ചുവന്നു.
കുറവൻ പാടി പുലിയറ പോത്തുപാടി പ്രദേശങ്ങളിൽ ശേഖരിച്ചിരുന്ന പാൽ ആദ്യകാലങ്ങളിൽ തലച്ചുമടായും പിന്നീട് കാളവണ്ടിയിലും തുടർന്ന് ജീപ്പിലും ആയാണ് ചിറ്റൂരിലോ അഗളിയിലോ എത്തിച്ചിരുന്നത്. 200 ലേറെ കുടുംബങ്ങൾ ഇവിടെ പാൽ സൊസൈറ്റിയിൽ അംഗങ്ങളായിരുന്നു. കാലി വളർത്തലും പാൽ ഉത്പാദനവും ആയിരുന്നു പ്രധാന വരുമാനം മാർഗം.
കാടും മലയും സമനിലങ്ങളും ഇടകലർന്ന പ്രദേശം കാലി വളർത്തലിന് ഏറെ അനുകൂലവുമായിരുന്നു. കുറവൻ പാടിയിലായിരുന്നു പ്രധാനപാൽ സംഭരണകേന്ദ്രം. മലമുകളിൽ നിന്നും മറ്റും ഏറെ കഷ്ടപ്പെട്ട് തല ചുമടായിരുന്നു ക്ഷീരകർഷകർ പാൽ എത്തിച്ചിരുന്നത്. അട്ടപ്പാടി അണക്കെട്ടിനായി ശിരുവാണി പുഴയോരത്തുള്ള കുറവൻപാടി ജംഗ്ഷൻ സർക്കാർ പൊന്നിൻ വിലയ്ക്ക് എടുത്തതോടെ ക്ഷീരകർഷകർ വലഞ്ഞു.
സർക്കാർ പൊന്നിൻവിലക്കെടുത്ത ഭൂമിയിൽ അങ്ങിങ്ങായി കുടിൽ കെട്ടി പാൽസംഭരണം നടത്തിവന്നു. പിന്നീട് ഷോളയൂർ പഞ്ചായത്തിൽ കുറവൻ പാടിയിൽ ശിർവാണിപ്പുഴയോട് ചേർന്ന് സംഘം സ്വന്തമായി ഭൂമി വാങ്ങി കെട്ടിടം നിർമിച്ച് പാൽ സൊസൈറ്റി പ്രവർത്തിച്ചുവന്നു.
ഇതിനിടെ 2018ലെ പ്രകൃതിക്ഷോഭത്തിൽ സൊസൈറ്റി കെട്ടിടം ഭവാനിപ്പുഴയിൽ ഒലിച്ചുപോയി.
സൊസൈറ്റിയുടെ മുഴുവൻ ആസ്തിയും സാധനസാമഗ്രികളുംഅതോടെ വെള്ളത്തിലാവുകയും പാൽസംഭരണത്തിന് വഴിയില്ലാതാവുകയും ചെയ്തു. തുടർന്ന് അഗളി പഞ്ചായത്തിൽ കുറവമ്പാടി ഉണ്ണിമലയിലെ അഹാഡ്സിന്റെ കെട്ടിടത്തിൽ പാൽസംഭരണം നടത്തിവരികയായിരുന്നു. ഇതിനിടെ സൊസൈറ്റി നടത്തിപ്പിൽ ക്രമക്കേടുകൾ വർദ്ധിച്ചു വരുന്നതായി തായി ക്ഷീരകർഷകർ ചൂണ്ടിക്കാട്ടുന്നു.
പാൽ വില യഥാസമയം ലഭിക്കുന്നില്ല എന്ന വ്യാപകമായ പരാതിയും ഉയർന്നുവന്നു.
ക്ഷീരകർഷകർ പലതവണ പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചിട്ടും ഫലം ഉണ്ടായില്ലത്രേ.
200ലേറെ കുടുംബങ്ങൾ പാൽ അളന്നിരുന്ന സൊസൈറ്റിയിൽ ഇന്ന് അഞ്ചു മെംബർമാർ മാത്രമാണ് പാൽ അളക്കുന്നത്. ഇവർക്ക് ആകട്ടെ രണ്ടുലക്ഷത്തി മുപ്പതിനായിരത്തിൽ അധികം തുക കുടിശിക ഉള്ളതായി ക്ഷീരകർഷകർ ചൂണ്ടിക്കാട്ടുന്നു.
എഴുപത്തി ആറായിരത്തിലധികം തുക ലഭിക്കാനുള്ള കുടുംബവും ഈ കൂട്ടത്തിൽ ഉണ്ടെന്നു പറയുന്നു. 10 ദിവസം കൂടുമ്പോൾ ബിൽ നൽകി തുക വിതരണം ചെയ്യണമെന്നാണ് വ്യവസ്ഥ എങ്കിലും ബില്ലു പോലും നൽകുന്നില്ല എന്നാണ് അംഗങ്ങളുടെ പരാതി. സൊസൈറ്റി നടത്തിപ്പിലെ ക്രമക്കെടുകളും യഥാസമയം പണം കിട്ടാത്തതുമാണ് തങ്ങൾ പശു വളർത്തൽ ഉപേക്ഷിക്കാൻ കാരണമെന്ന് മറ്റ് സംഘാംഗങ്ങൾ പറഞ്ഞു.
ലഭിക്കാനുള്ള പണം അടിയന്തരമായി കിട്ടാത്ത പക്ഷം ഈ മാസം 24ന് ശക്തമായ സമര സംഘടിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ക്ഷീര വികസന വകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്നും ക്ഷീര കർഷകർ പറഞ്ഞു. അതേസമയം മിൽമയിൽ നിന്നും സംഘത്തിലേക്ക് കൊടുക്കുവാനുള്ള പണം കൃത്യമായി നൽകിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.