ഹോം വോട്ടിംഗിൽ നന്ദി അറിയിച്ച് ശാരദയും അംബുജവും
1417529
Saturday, April 20, 2024 1:32 AM IST
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 15ന് ആരംഭിച്ച പോസ്റ്റൽ വോട്ടിംഗിന്റെ ഭാഗമായി നടന്ന വീട്ടിലെ വോട്ടെടുപ്പിൽ കൽപ്പാത്തി ചാത്തപുരം സ്വദേശിനികളായ 90കാരി ശാരദയും 87 കാരി സി.വി. അംബുജവും തെരഞ്ഞെടുപ്പ് കമ്മീഷനോടും ഇലക്ഷൻ വിഭാഗത്തോടും നന്ദി അറിയിച്ചു.
ഇരുവരും എല്ലാവർഷവും വോട്ട് രേഖപ്പെടുത്തുന്നുണ്ട്. ശാരദ കഴിഞ്ഞ രണ്ടുവർഷമായി ശാരീരിക പ്രശ്നങ്ങളുള്ളതിനാൽ വീട്ടിലാണ് വോട്ട് രേഖപ്പെടുത്തുന്നത്.
കേൾവിപ്രശ്്ങ്ങളുമുണ്ട്. പ്രായാധിക്യത്താൽ നടക്കാനും സാധ്യമല്ല. വോട്ടവകാശമാണെന്നും അത് എല്ലാവരും കൃത്യമായി നിർവഹിക്കണമെന്നും ശാരീരികപ്രശ്നങ്ങളാൽ വീട്ടിൽ വോട്ടെടുപ്പ് നടത്തിയ ശേഷം സി.വി. അംബുജം അഭിപ്രായപ്പെട്ടു.
പോസ്റ്റൽ വോട്ടിംഗിന്റെ ഭാഗമായി 85 വയസിനു മുകളിലുള്ളവരും അംഗപരിമിതരുമായ (40 ശതമാനത്തിലേറെ അംഗമപരിമിതി ഉള്ളവർ) അർഹരായ അപേക്ഷകരുടെ വീടുകളിൽചെന്ന് പോളിംഗ് ഉദ്യോഗസ്ഥർ പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
വീട്ടിൽ വോട്ട് ചെയ്യിക്കുന്നതിനായി പോളിംഗ് സംഘം എത്തുന്ന ദിവസം അതാത് ബിഎൽഒമാർ അർഹരായ അപേക്ഷകരുടെ വീട്ടിലെത്തി അറിയിക്കും.
പോസ്റ്റൽ വോട്ടിന് അംഗീകരിക്കപ്പെട്ട വോട്ടർമാർക്ക് പിന്നീട് പോളിംഗ് ബൂത്തിൽ എത്തി വോട്ടുചെയ്യാനാവില്ല. ഒരുതവണ ഗൃഹസന്ദർശനത്തിൽ കണ്ടെത്താനാവാത്ത വോട്ടർമാരുടെ വീടുകളിൽ പോളിംഗ് സംഘം രണ്ടാമതും സന്ദർശനം നടത്തും. പോസ്റ്റൽ വോട്ടിംഗിന്റെ ഭാഗമായുളള വീട്ടിലെ വോട്ടെടുപ്പ് ജില്ലയിൽ 24 വരെ തുടരും.