മണ്ണാർക്കാട് മേഖലയിൽ തീപിടിത്തം വ്യാപകം: ജാഗ്രത പാലിക്കണമെന്ന് അഗ്നിശമനസേന
1415665
Thursday, April 11, 2024 12:59 AM IST
മണ്ണാർക്കാട്: കനത്ത ചൂടിനെ തുടർന്ന് മണ്ണാർക്കാട് മേഖലയിൽ തീപിടിത്തം വ്യാപകം. ഇത്തരത്തിൽ ദിവസവും പത്തോളം കേസുകളാണ് വട്ടമ്പലം അഗ്നിശമനസേനാ നിലയത്തിൽ എത്തുന്നത്.
അഗ്നിശമനസേനാ നിലയത്തിലെ അംഗങ്ങളുടെയും നാട്ടുകാരുടെയും കാര്യക്ഷമമായ ഇടപെടൽ കാരണം വ്യാപകമായ നാശനഷ്ടമോ ആളപായമോ ഉണ്ടാവുന്നില്ലെങ്കിലും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നു അധികൃതർ നിർദേശിച്ചു.
കഴിഞ്ഞ ദിവസം കോട്ടോപ്പാടം വാർഡ് 14 ൽ വടശ്ശേരിപ്പുറത്ത് സ്വകാര്യവ്യക്തിയുടെ ഒരേക്കർ പറമ്പിലെ പുല്ലിനും മുറിച്ചിട്ട മരത്തടികൾക്കും തീപിടിച്ചു. സേനയും നാട്ടുകാരും ചേർന്ന് വേഗത്തിൽ തീ അണക്കാനായതിനാൽ കൂടുതൽ നാശനഷ്ടമുണ്ടായില്ല. കോട്ടോപ്പാടം പഞ്ചായത്തിൽ പാറപ്പുറത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിലും തീ പടർന്നു. നാട്ടുകാർ അണച്ചു.
തെങ്കര പഞ്ചായത്തിൽ വാർഡ് 12 ൽ മണലടി കനാലിന്റെ ഇരുവശത്തുമുള്ള പുല്ലിനും ചെടികൾക്കും തീ പടർന്നു. പടക്കം പൊട്ടിച്ചതാണ് തീ പടരാൻ കാരണം. നാട്ടുകാരും സേനയും ചേർന്ന് തീയണച്ചു. കോങ്ങാട് കൊല്ലിയാണി മലയിലും തീപിടിത്തമുണ്ടായി. തീ പടർന്നതു വീടുകൾക്ക് സമീപമായതിനാൽ നാട്ടുകാർ പരിഭ്രാന്തരായി. എന്നാൽ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ അണയ്ക്കാനായി.
തെങ്കരയിൽ സ്വകാര്യവ്യക്തിയുടെ കോഴിഫാമിനു മുകളിലായി അഞ്ചേക്കർ സ്ഥലത്ത് അടിക്കാടിനു ഇന്നലെ വൈകുന്നേരം അഞ്ചോടെ തീപിടിച്ചു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്നാണ് തീയണച്ചത്.
മണ്ണാർക്കാട് നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി. ജയരാജന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ എം.ആർ. രാഖിൽ, ജി. അജീഷ്, എം. ഷജിത്, എം.എസ്. ഷോബിൻദാസ്, ഒ.എസ്. സുഭാഷ്, എൻ. അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ജാഗ്രതക്കുറവ് ഉണ്ടായാൽ വലിയ ദുരന്തങ്ങൾക്കു കാരണമാവുന്നതാണ് തീപിടുത്തം. അതിനാൽ നാട്ടുകാർ ഏറെ ശ്രദ്ധിക്കണമെന്ന് അധികൃതർ പറഞ്ഞു.