കാണികളെ അമ്പരപ്പിച്ച് ചുമട്ടുതൊഴിലാളിയായ മജീഷ്യൻ പ്രേംദാസും കുടുംബവും
1397500
Tuesday, March 5, 2024 1:26 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ഏത് പ്രായക്കാരെയും വിസ്മയിപ്പിക്കാൻ കഴിവുള്ള കലയാണ് മാജിക്. ലളിതമായ രീതിയിൽ അത് അവതരിപ്പിക്കുമ്പോൾ മജീഷ്യൻ മനസുകളിൽ ഇടം പിടിക്കും. കിഴക്കഞ്ചേരി എരുക്കിൻചിറ സ്വദേശി 52 കാരനായ പ്രേംദാസ് നാട്ടുകാരുടെയെല്ലാം പ്രിയപ്പെട്ട മജീഷ്യനാകുന്നത് അങ്ങനെയാണ്.
മാജിക് കുടുംബമാണ് പ്രേംദാസിന്റേത്. ഭാര്യ സുമലതയും ജോലിക്കാരിയായ മകൾ അഞ്ജലിയും ഐടിഐ വിദ്യാർഥിയായ മകൻ അശ്വിനും മജീഷ്യൻന്മാരാണ്. അച്ഛനോളം എത്തില്ലെങ്കിലും അത്യാവശ്യം ഒരു പരിപാടി അവതരിപ്പിക്കാനുള്ള വിദ്യകളെല്ലാം ഇവർക്കറിയാം.
കണിയമംഗലത്തെ ചുമട്ടുതൊഴിലാളിയായ പ്രേംദാസ് കാൽനൂറ്റാണ്ടായി മാജിക് രംഗത്തുണ്ട്. ആയിരത്തോളം സ്റ്റേജുകളിൽ ഇതിനകം പരിപാടികൾ അവതരിപ്പിച്ച് കൈയടി നേടിയിട്ടുള്ള പ്രേംദാസ് എപ്പോഴും പുതിയ ഇനങ്ങളുടെ പരിശീലന പണിപ്പുരയിലാകും. പുതിയ ഐറ്റം അവതരിപ്പിക്കാൻ റെഡിയായാൽ ആദ്യം വീട്ടുകാർക്ക് മുന്നിലാണ് കാണിക്കുക. ഭാര്യയും മക്കളും ഓകെ പറഞ്ഞാൽ പിന്നെ അയൽവാസികളായ കുട്ടികളെ വിളിച്ചിരുത്തി കാണിക്കും.
അവർക്കും തന്റെ വിദ്യകൾ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പുതിയ ഇനം സക്സസായി പരിഗണിക്കും. മാജിക്കിന്റെ പ്രധാന വെല്ലുവിളി കുട്ടികളാണെന്നാണ് പ്രേംദാസ് പറയുന്നത്.
പ്രായമായവർക്ക് കണ്ടുപിടിക്കാൻ കഴിയാത്തത് കുട്ടികൾ കണ്ടു പിടിക്കും. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രേംദാസിന് മാജിക്കിൽ കമ്പം വരുന്നത്. ഇന്റർവെൽ സമയങ്ങളിൽ സൈക്കിളിലെത്തുന്ന ഐസ് വിൽപനക്കാരൻ അന്നത്തെ ഐസിന്റെ വിലയായ ചില്ലറ പൈസ വാങ്ങി കറക്കി തിരിച്ചാണ് പണപ്പെട്ടിയിൽ നിക്ഷേപിച്ചിരുന്നത്.
ഈ ജാലവിദ്യ പ്രേംദാസിനെ ഏറെ ആകർഷിച്ചു. പിന്നെ മാജിക് പുസ്തകങ്ങൾ കണ്ടെത്തി വായിക്കാൻ തുടങ്ങി. സ്കൂൾ പഠനം കഴിഞ്ഞും മാജിക് വിട്ടില്ല. സ്വന്തമായി ചെറിയ ഇനങ്ങൾ അവതരിപ്പിച്ച് കൂട്ടുകാർക്കും നാട്ടുകാർക്കുമിടയിൽ താരപരിവേഷം കിട്ടി. പിന്നീട് വടക്കഞ്ചേരിയിലെ മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുമ്പോഴും 2007 ൽ ചുമട്ടുതൊഴിലാളിയായപ്പോഴും മാജിക്കിനേയും ഒപ്പം വളർത്തി. 2017ൽ ന്യൂഡൽഹിയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 231 മജീഷ്യൻമാർ പങ്കെടുത്ത മാജിക് മത്സരത്തിൽ പുതിയ ഇനങ്ങൾ അവതരിപ്പിച്ച് വിധികർത്താക്കളേയും വിഐപികളായ കാണികളെയും അമ്പരപ്പിച്ചത് കൂടുതൽ അംഗീകാരത്തിന് കാരണമായി.
2019 ൽ ബെസ്റ്റ് ഇന്ത്യ വേൾഡ് റിക്കാർഡും പ്രേംദാസ് കരസ്ഥമാക്കി. അതേ വർഷം തന്നെ കേരള മാജിക് അസോസിയേഷന്റെ ഇന്ദ്രജാല പുരസ്കാരവും പ്രേംദാസിനെ തേടിയെത്തിയിരുന്നു. വീട്ടിലെ മുറികളിലെല്ലാം അംഗീകാരങ്ങളുടെയും ആദരവുകളുടെയും പുരസ്കാര നിറവുകളാണ്. കണ്ടുപിടിക്കാൻ സാധ്യത കൂടുതലുള്ള ക്ലോസപ്പ് ഐറ്റങ്ങളാണ് പ്രേംദാസ് കൂടുതലും ചെയ്യുക. ഇതിന് റിസ്ക് കൂടുതലാണെന്ന് പ്രേംദാസ് പറയുന്നു.
12 ഹെൽപ്പർമാരുമായി രണ്ടുമണിക്കൂർ നീളുന്ന പരിപാടികൾ അവതരിപ്പിക്കാനുള്ള ഇനങ്ങൾ ഇപ്പോൾ പ്രേംദാസിന്റെ പക്കലുണ്ട്.