വലിയ വാഗ്ദാനങ്ങളൊന്നുമില്ലാതെ പാലക്കാട് നഗരസഭാ ബജറ്റ്
1396401
Thursday, February 29, 2024 6:48 AM IST
പാലക്കാട്: വലിയ വാഗ്ദാനങ്ങളൊന്നുമില്ലാതെ പാലക്കാട് നഗരസഭാ ബജറ്റ്. 133.92 കോടി വരവും 120.86 കോടി ചെലവും 13.06 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്മാന് അഡ്വ. ഇ. കൃഷ്ണദാസ് അവതരിപ്പിച്ചത്.
അതേസമയം പാലക്കാട് നഗരസഭ അവതരിപ്പിച്ച ബജറ്റ് നിരാശാജനകവും ജനവഞ്ചനയും പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നതുമാണെന്ന് യുഡിഎഫ് പാലക്കാട് നഗര പാര്‍ലിമെന്ററി പാര്‍ട്ടി ആരോപിച്ചു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ നഗരസഭയുടെ വരവ് നികുതിയിനത്തിലും നികുതിയേതരയിനത്തിലുമായി 142.69 കോടിയും ചെലവിനത്തില്‍ 118.11 കോടിയുമാണ്. 24.58 കോടിയാണ് നീക്കിയിരുപ്പ്.
മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം പി.പി.പിയോ ബി.ഒ.ടി സംവിധാനത്തിലോ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള പദ്ധതിയൊഴിച്ചാല് പദ്ധതി നിര്‍വഹണത്തില്‍ വാഗ്ദാനങ്ങളൊന്നുമില്ല. നഗരത്തിലെ തെരുവുവിളക്കുകള്‍ അടക്കം സമാനമായ രീതിയില്‍ നവീകരിക്കുന്നതിനും ബജറ്റില്‍ ശുപാര്‍ശയുണ്ട്.
കൗണ്‍സിലര്‍മാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഇന്‍ഷ്വറന്‍സ് അടക്കം വാഗ്ദാനങ്ങള്‍ ഇക്കുറിയും ബജറ്റില്‍ ഇടംപിടിച്ചു. ഹരിതകര്‍മസേനയെ പുര്‍ണ സജ്ജമാക്കാനും മാലിന്യസംസ്കരണത്തിനുമായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ബജറ്റില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ വെല്‍നസ് സെന്ററുകള്‍ ആരംഭിക്കുമെന്ന വാഗ്ദാനവും ഉണ്ട്.
കനറാ ബാങ്ക് കോംപ്ളക്സ്, ഓര്‍ഗാനിക് മാര്‍ക്കറ്റ് കോംപ്ളക്സ്, ടൗണ്‍ ഹാള്‍ അനക്സ് എന്നി കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ധനകാര്യവകുപ്പ് മെമോറാണ്ടത്തിലൂടെ 20 കോടി നീക്കിവച്ചതായി വൈസ് ചെയര്മാന് ബജറ്റവതരണത്തില്‍ പറഞ്ഞു.
എസ്ബിഐ ജംഗ്ഷന് മുതല്‍ കോട്ടമൈതാനം വരെ സൗന്ദര്യവല്‍ക്കരണം, സൗരോര്‍ജത്തിന്റെ ക്രിയാത്മകമായ ഉപയോഗം, ക്ഷീര-കാര്‍ഷികവികസനം, പിഎംഎവൈയില്‍ കൂടുതല്‍ വീടുകള്‍ എന്നിവയും ബജറ്റിലെ വാഗ്ദാനങ്ങളാണ്. കേന്ദ്രസര്‍ക്കാരിനു ആവര്‍ത്തിച്ച് നന്ദിരേഖപ്പെടുത്തുന്ന ബജറ്റില്‍ സംസ്ഥാന സര്‍ക്കാരിനെയൊ എംഎല്‍എ, എംപി എന്നിവരുടെ ഫണ്ടില്‍ നടപ്പിലാക്കിയ പദ്ധതികളെകുറിച്ച് പരാമര്‍ശമില്ലാത്തതില്‍ പ്രതിപക്ഷകക്ഷികള്‍ വിമര്‍ശനവുമായി രംഗത്തെത്തി.