പദ്ധതി വീടിനായി കാത്തിരിപ്പു തുടർന്ന് എൺപത്തിയേഴുകാരി കണ്ണമ്മ
1396011
Wednesday, February 28, 2024 12:32 AM IST
ഫ്രാൻസിസ് തയ്യൂര്
മംഗലംഡാം: ആദിവാസികൾക്കായി നിരവധി ക്ഷേമ പദ്ധതികൾ കടന്നുപോയി. പ്രഖ്യാപനങ്ങൾക്കും വലിയ കുറവുണ്ടായിട്ടില്ല.
എന്നാൽ കിഴക്കഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെട്ട കവിളുപ്പാറ ആദിവാസി കോളനിയിൽ 87 വയസുള്ള കണ്ണമ്മക്ക് ഇന്നും വീട് എന്നതു സ്വപ്നം മാത്രമായി അവശേഷിച്ചിരിക്കുകയാണ്.
ഭർത്താവ് ചെല്ലൻ 13 വർഷം മുമ്പ് മരിച്ചു. പിന്നീട് കണ്ണമ്മ തനിച്ചാണ് താമസം. ജീവിതയാത്ര ഇനി എത്ര നാൾ നീളുമെന്നൊന്നും കണ്ണമ്മക്ക് അറിയില്ല. പ്രായത്തിന്റെ അവശതകളുണ്ട്. വടി കുത്തി കുനിഞ്ഞ് പുറത്തുനടക്കും.
കല്ലുകൊണ്ട് കെട്ടിയ ചെറിയൊരു വീടുണ്ട് കണ്ണമ്മയ്ക്ക്. പക്ഷെ, ഇതിന്റെ മേൽക്കൂര ഏതുസമയവും തകർന്നുവീഴാമെന്ന നിലയിലാണ്. കാറ്റിൽ നിലത്തുവീണ് മേൽക്കൂരയിലെ ഓടുകൾ നന്നേ കുറഞ്ഞു.
മേൽക്കൂര താങ്ങി നിർത്തുന്ന കഴുക്കോൽ, പട്ടിക, ഉത്തരം എന്നിവയെല്ലാം ദുർബലമായി. ഇതിനുള്ളിലാണ് രാവും പകലും കണ്ണമ്മ കഴിയുന്നത്. എന്തും സംഭവിക്കാവുന്ന സ്ഥിതി.
പഞ്ചായത്തിലും പട്ടികവർഗ വകുപ്പിനും നിരവധി തവണ അപേക്ഷ നൽകിയെങ്കിലും വീട് അനുവദിക്കുന്നില്ലെന്നാണ് ഈ അമ്മ പറയുന്നത്.
എന്താണ് തന്നെ മാത്രം ഇത്തരത്തിൽ അവഗണിക്കുന്നത് എന്നൊന്നും കണ്ണമ്മക്കും മനസിലാകുന്നില്ല.
മേൽക്കൂരയിൽ നിന്നും ഓട് വീണ് കഴിഞ്ഞ ദിവസം കണ്ണമ്മയുടെ തലയ്ക്കു പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സ തേടി. ഇപ്പോഴും തലയ്ക്കു വേദനയുണ്ട്. ഇതിനാൽ പണികളൊന്നും ചെയ്യാൻ കഴിയുന്നില്ലെന്നു അവർ പറഞ്ഞു.
ഒരു വീടിന്റേതായ ഒന്നും ഈ വീട്ടിലില്ല. ഒരു പഴയ ബെഞ്ച് മാത്രമുണ്ട്. അരിയോ മറ്റു ഭക്ഷണസാധനങ്ങളോ ഒന്നുമില്ല. പലക കഷണങ്ങളാണ് വാതിലുകൾ.
എല്ലാം ചാരിവച്ചാണ് വാതിലിന്റെ രൂപമാക്കുന്നത്. വീടിനുള്ളിലെ തറനിരപ്പിലുള്ള വിറകടുപ്പിൽ ഇടയ്ക്കു വെള്ളം വച്ച് ചൂടാക്കി കുടിക്കും.
ഭർത്താവ് ചെല്ലനെ മറവുചെയ്ത സ്ഥലത്താണ് ഇപ്പോഴുള്ള വീട്. ഇവിടം വിട്ട് ദൂരെ എവിടേക്കും കണ്ണമ്മ പോകാറില്ല. വൈദ്യുതി കണക്്ഷനുണ്ടെങ്കിലും വെളിച്ചമില്ല.
മീറ്റർ ബോർഡും തകർന്നു കിടക്കുകയാണ്. കോളനിയിലെ മിക്ക കുടുംബങ്ങൾക്കും ഇപ്പോൾ വീടുകളുണ്ട്. പക്ഷെ, ഈ അമ്മയെ മാത്രം ലിസ്റ്റുകളിൽ നിന്നും ഒഴിവാക്കുകയാണെന്നാണ് കോളനിക്കാരും പറയുന്നത്.