മൂന്നുവർഷത്തിനകം സംസ്ഥാനത്ത് നൂറു പാലങ്ങൾ: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
1394512
Wednesday, February 21, 2024 5:46 AM IST
പാലക്കാട് : അഞ്ച് വർഷംകൊണ്ട് സംസ്ഥാനത്ത് 100 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാൻ നിശ്ചയിച്ച സംസ്ഥാന സർക്കാറിന് മൂന്ന് വർഷങ്ങൾക്കകം ഈ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
രണ്ട് വർഷം കൊണ്ട് അന്‍പതിലേറെ പാലങ്ങളുടെ നിർമാണം പൂർത്തീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ചിറ്റൂർ മണ്ഡലത്തിലെ നറണി പാലത്തിന്റെ നിർമാണോദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നറണി പാലം യാഥാർത്ഥ്യമാവുന്നതോടെ കാലവർഷത്തിലും തുലാവർഷത്തിലും മൂലത്തറ ഡാം തുറക്കുന്നത് കൊണ്ട് ഒറ്റപ്പെടുന്ന നറണി, കല്യാണ പേട്ട, കോരയാർചള്ള, മീനാക്ഷിപുരം പ്രദേശവാസികൾക്ക് ആശ്വാസമാകും. ദീർഘകാലം മുടങ്ങിക്കിടന്ന പല പദ്ധതികളും യാഥാർഥ്യമാക്കുകയാണ് സർക്കാർ.
ദേശീയപാത വികസനം ഇതിൽ പ്രധാനപ്പെട്ടതാണ്. രാജ്യത്ത് ആദ്യമായി 5500 കോടി രൂപ ദേശീയപാത വികസനത്തിനായി മുടക്കിയ സംസ്ഥാനം കേരളമാണ്. 2025 അവസാനത്തോടെ ദേശീയപാത യാഥാർഥ്യമാവും.
ഒൻപത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേ, 13 ജില്ലകളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ എന്നിവയും യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.