നറണിപ്പാലം നിർമാണം: യാഥാർഥ്യമാകുന്നത് ജനങ്ങളുടെ ദീർഘകാല ആവശ്യം: മന്ത്രി കെ. കൃഷ്ണൻകുട്ടി
1394511
Wednesday, February 21, 2024 5:46 AM IST
പാലക്കാട് : നറണിപ്പാലം നിർമാണത്തിലൂടെ ജനങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും ദീർഘകാല ആവശ്യമാണ് യാഥാർഥ്യമാകുന്നതെന്ന് വൈദ്യുത വകുപ്പ് മന്ത്രിയും ചിറ്റൂർ എംഎൽഎയുമായ കെ. കൃഷ്ണൻകുട്ടി.
നറണി പാലം നിർമാണോദ്ഘാടനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രദേശത്തെ റോഡ് വികസനത്തിനായി കിഫ്ബിയിലൂടെ 186 കോടിയും പാലങ്ങൾക്കായി 71 കോടിയും അനുവദിച്ചു.
300 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന എല്ലാ വീടുകളിലും സോളാർ വൈദ്യുതി എത്തിക്കാൻ പദ്ധതിയുണ്ട്.
മണ്ഡലത്തിൽ ഒരാൾ പോലും വീടോ വൈദ്യുതിയോ ഇല്ലാത്തവരായി ഉണ്ടാവരുത്.
ചിറ്റൂർ മണ്ഡലത്തിലാകെ 3400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
ചിറ്റൂർ നിയോജകമണ്ഡലത്തിൽ ആലംകടവ്-കല്യാണപേട്ട റോഡിൽ ചിറ്റൂർ പുഴയ്ക്ക് കുറുകെ 2020-21 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 10.39 കോടി രൂപ ചെലവിലാണ് നറണി പാലത്തിന്റെ നിർമാണം ആരംഭിക്കുന്നത്. പരിപാടിയിൽ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മാധുരി പത്മനാഭൻ, മിനി മുരളി, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി. മുരുകദാസ്, വാർഡ് അംഗങ്ങളായ ഷീബ രാധാകൃഷ്ണൻ, ആർ. രമ്യ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ റിജോ റിന്ന, പാലങ്ങൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ സിനോജ് ജോയ്, അസി. എൻജിനീയർ എ. അനുരാഗ് എന്നിവർ പങ്കെടുത്തു.