ഉത്സവാഘോഷത്തിൽ പങ്കാളിയാകാൻ ക്ഷേത്രത്തിൽ ഹാജിറുമ്മയുടെ സംഭാവന
1394200
Tuesday, February 20, 2024 6:56 AM IST
ഒറ്റപ്പാലം: ഹാജിറ ഉമ്മ ഒറ്റപ്പാലത്തുകാർക്ക് സുപരിചിതയാണ്. മനോവൈകല്യം കീഴടക്കിയ മനസുമായി തലയിൽ പ്ലാസ്റ്റിക് കുപ്പികൾ നിറഞ്ഞ ഒരു ചാക്കും തോളിൽ പ്ലാസ്റ്റിക് വേസ്റ്റ് നിറഞ്ഞ ഒരു തോൾസഞ്ചിയും കറുത്ത കുപ്പായവും ഇട്ട് നടക്കുന്ന ഹാജിറുമ്മ.
വഴിയിൽ കിടക്കുന്ന വേസ്റ്റ് പ്ലാസ്റ്റിക് സാധനങ്ങൾ പെറുക്കി ആക്രിക്കടയിൽ കൊണ്ടുപോയി കൊടുത്ത് അതുകൊണ്ട് ഉപജീവനമാർഗം കഴിക്കുന്ന ഹാജിറുമ്മ പക്ഷേ അഭിമാനിയാണ്.
ആരുടെ നേർക്കും കൈ നീട്ടില്ല. കഴിഞ്ഞ ദിവസം ചിനക്കത്തൂർ പൂരം ഒറ്റപ്പാലം ദേശ കമ്മിറ്റി ഓഫീസിൽ എത്തിയ ഇവർ 300 രൂപ സംഭാവനയായി കമ്മറ്റി അംഗങ്ങളെ ഏൽപ്പിച്ചു. ചിനക്കത്തൂർ പൂരത്തിനുള്ള തന്റെ ചെറിയ പങ്കാളിത്തമായിരുന്നു അത്.
സമൂഹത്തിൽ സാമ്പത്തികമായി മുൻനിരയിൽ നിൽക്കുന്നവർ പോലും അമ്പതും നൂറും രൂപ മാത്രം കമ്മിറ്റിക്കാർക്ക് നൽകുന്ന സ്ഥാനത്താണ് ഹാജിറുമ്മ നാട്ടിലെ ഉത്സവത്തിനായി ആക്രി പെറുക്കി വിറ്റു ലഭിച്ച പണം സംഭാവനയായി നൽകിയത്.
പണവുമായി ചിനക്കത്തൂർ പൂരം ഒറ്റപ്പാലം ദേശകമ്മിറ്റി ഓഫീസിൽ എത്തിയ ഹാജിറുമ്മയിൽ നിന്ന് സംഭാവന സ്വീകരിക്കുന്ന കാര്യത്തിൽ കമ്മറ്റിക്കാർക്കിടയിൽ രണ്ട് അഭിപ്രായം ഉണ്ടായെങ്കിലും ഉമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഇവർ തുക സ്വീകരിച്ചു. കമ്മറ്റിയിൽ ചിലർ ഉമ്മയോട് സ്നേഹപൂർവം ഈ പണം സ്വന്തം ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ നിർബന്ധിച്ചുവെങ്കിലും ഉമ്മ അതിന് തയ്യാറായില്ല. സ്വന്തം ആഹാരത്തിന് പോലും പണമില്ലാത്ത അവസ്ഥയിലും എന്തിനാണ് പണം സംഭാവന നൽകിയത് എന്ന് ചോദ്യത്തിന് നിറഞ്ഞ ചിരി മാത്രമായിരുന്നു ഉത്തരം.