"വനംമന്ത്രി രാജിവയ്ക്കണം'
1393885
Monday, February 19, 2024 1:21 AM IST
നെന്മാറ: കാട്ടുമൃഗങ്ങൾ മനുഷരെ കൊല്ലുമ്പോൾ സർക്കാർ നിഷ്ക്രിയത്വം തുടരുകയാണെന്നും നടപടി സ്വീകരിക്കാൻ മടിക്കുന്ന വനംമന്ത്രി രാജിവയ്ക്കണമെന്നും കത്തോലിക്ക കോൺഗ്രസ് മേലാർകോട് ഫൊറോന നേതൃസംഗമം ആവശ്യപ്പെട്ടു.
വനംവകുപ്പ് ജനങ്ങൾക്കു വേണ്ടിയാകണം. വനത്തിനു വെളിയിൽ ഇറങ്ങുന്ന മൃഗത്തിന്റെ ഉത്തരവാദിത്വം വനംവകുപ്പിനാണ്.
മനുഷ്യനെ കൊന്നാൽ 50 ലക്ഷം, ആക്രമിക്കപ്പെട്ടാൽ 25 ലക്ഷം, കൃഷി നശിപ്പിച്ചാൽ കർഷകൻ പറയുന്ന നഷ്ടം എന്നിവ സർക്കാർ ഉടൻ നൽകണം.
വനംവകുപ്പ് മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കുന്ന കോടികണക്കിനു രൂപയിൽ സമഗ്ര അന്വേഷണം വേണം. മൃഗങ്ങളുടെ വനത്തിനുള്ളിലെ ആവാസ വ്യവസ്ഥ നശിപ്പിക്കുന്നതു വനംവകുപ്പാണ്.
വനാതിർത്തികളിൽ വേലി നിർമിച്ചോ മറ്റുമാർഗം സ്വീകരിച്ചോ മൃഗങ്ങളെ തടയുവാൻ വനംവകുപ്പ് ഉടൻ നടപടിയുണ്ടാക്കണം. മൃഗങ്ങളെ തുരത്തുവാൻ ജനങ്ങൾക്കു സമ്പൂർണ അധികാരം നൽകുവാൻ കേരള സർക്കാർ തയാറാകണം. വനം ഉദ്യോഗസ്ഥരെ നിയന്ത്രിക്കുവാനുള്ള ശേഷി വനംമന്ത്രി കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫൊറോന പ്രസിഡന്റ് ജോബ് ജോൺ അധ്യക്ഷനായി. ഫൊറോന വികാരി ഫാ. സേവ്യർ വളയത്തിൽ യോഗം ഉദ്ഘാടനം ചെയ്തു.
രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ, നെന്മാറ ഇടവക വികാരി ഫാ. അഡ്വ. റെജി മാത്യു പെരുമ്പിള്ളിൽ, രൂപത ട്രഷറർ കെ.എഫ്. ആന്റണി, രൂപത സെക്രട്ടറി ജോസ് വടക്കേക്കര, ഫൊറോന സെക്രട്ടറി ജെറിൻ കുറ്റിക്കാടൻ, നെന്മാറ യൂണിറ്റ് പ്രസിഡന്റ് ജോജി തോമസ് കുറ്റിക്കാടൻ എന്നിവർ പ്രസംഗിച്ചു.
ഫൊറോന ഭാരവാഹികളായി ജോബ് ജോൺ- പ്രസിഡന്റ്, നൈജു വടാശേരി, സിനി ബാബു- വൈസ് പ്രസിഡന്റുമാർ, ജെറിൻ കുറ്റിക്കാടൻ- സെക്രട്ടറി, ജെയിംസ് താഴത്തേൽ, ഷൈനി ജോസ്- ജോയിന്റ് സെക്രട്ടറിമാർ, ജോൺസൺ ചെറുപറമ്പിൽ- ട്രഷറർ, ജിബിൻ പയസ് - യൂത്ത് കോ-ഓർഡിനേറ്റർ, ജിനി ചെറുപറമ്പിൽ - വനിത കോ- ഓർഡിനേറ്റർ എന്നിവരെ തെരഞ്ഞെടുത്തു.