കോടതിവിധിയിലൂടെയെത്തി ഒപ്പനയിൽ ഒന്നാംസ്ഥാനം
1376399
Thursday, December 7, 2023 1:21 AM IST
പാലക്കാട്: വേദി ചതിച്ചതിനാൽ സബ് ജില്ലയിൽ തഴയപ്പെട്ടതിന്റെ ദുഃഖം കോടതി വിധിയിലൂടെ ജില്ലയിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടി സന്തോഷമാക്കിയാണ് മണ്ണാർക്കാട് നെല്ലിപ്പുഴ ഡിഎച്ച്എസ്എസിലെ കുട്ടികൾ മടങ്ങിയത്.
യുപി വിഭാഗം ഒപ്പനയിൽ മണ്ണാർക്കാട് സബ്ജില്ല മത്സരത്തിൽ വേദിയുടെ പിഴവു മൂലം മത്സരാർഥി വീണിരുന്നു. അതിനാൽ സമ്മാനമില്ലാതെ ടീം പുറത്തായി. അപ്പീൽ നൽകാൻ സമീപിച്ചപ്പോൾ ഗ്രേസ് മാർക്ക് ഇല്ലാത്തതിനാൽ അപ്പീൽ അനുവദിക്കേണ്ടെന്നായിരുന്നു തീരുമാനമെന്ന് അധ്യാപകർ പറഞ്ഞു.
എന്നാൽ കുട്ടികൾ പിൻമാറാൻ ഒരുക്കമല്ലായിരുന്നു. കോടതിയെ സമീപിച്ച് ഇന്നലെ രാവിലെ പതിനൊന്നരയോടെ അനുകൂല ഉത്തരവ് സന്പാദിച്ച് ജില്ലാ തലത്തിൽ അവസാന ടീമായി മത്സരിക്കാനിറങ്ങി. ഫലം വന്നപ്പോൾ എ ഗ്രേഡോടെ ഒന്നാം സ്ഥാനം. അതോടെ യുപി വിഭാഗം ഒപ്പനയിൽ നെല്ലിപ്പുഴ ഡിഎച്ച്എസ്എസിന്റെ ചരിത്രത്തിൽ തുടർച്ചയായ മൂന്നാം വിജയമായി.
ഇഷ, മിൻഹ ഫാത്തിമ, ഫാത്തിമ അനീന, ഫാത്തിമ നിയ, ഐഷ ഹനിയ, ദിയ ഫാത്തിമ, അനൂദ ഫാത്തിമ, നഫ്ല ഷെറിൻ, ഷജാന, ഫാത്തിമ നിസ്മ എന്നിവരാണ് മത്സരിച്ചത്.