പോത്തുണ്ടി ജലസേചന പദ്ധതി: കനാലുകൾ വൃത്തിയാക്കിത്തുടങ്ങി
1376391
Thursday, December 7, 2023 1:21 AM IST
നെന്മാറ: പോത്തുണ്ടി ജലസേചന പദ്ധതിയിലുള്ള ജലവിതരണ കനാലുകൾ വൃത്തിയാക്കി തുടങ്ങി. രണ്ടാഴ്ചയ്ക്കകം ഇടതു- വലതുകര കനാലുകളുടെയും ഉപകനാലുകളുടെയും വൃത്തിയാക്കൽ പണികൾ പൂർത്തിയാകുമെന്ന് ജലസേചന അധികൃതർ പറഞ്ഞു.
ജലസേചന വകുപ്പ് നേരിട്ട് കരാർ നല്കിയാണ് കനാലുകൾ വൃത്തിയാക്കുന്നത്. ചെറിയ മണ്ണ് മാന്തി യന്ത്രങ്ങളും പുല്ലു വെട്ടുന്ന യന്ത്രങ്ങളും ഉപയോഗിച്ചാണ് കനാലുകൾ വൃത്തിയാക്കുന്നത്. യന്ത്രങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനാൽ ദ്രുതഗതിയിൽ പണികൾ പുരോഗമിക്കുന്നുണ്ട്.
മുൻവർഷങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളും കർഷക സമിതികളുടെയും നേതൃത്വത്തിലാണ് കനാലുകൾ വൃത്തിയാക്കിയിരുന്നത്.
പരമാവധി 55 അടി സംഭരണശേഷിയുള്ള അണക്കെട്ടിൽ നിലവിൽ 24.80 അടി വെള്ളമാണ് ശേഷിക്കുന്നത്. നിലവിലെ സ്ഥിതി അനുസരിച്ച് 25 ദിവസത്തിൽ താഴെ മാത്രം വിതരണത്തിലുള്ള വെള്ളമാണ് ശേഷിക്കുന്നത്. ഡാം ഉപദേശക സമിതി യോഗം ചേർന്നശേഷമാണ് ജല വിതരണം സംബന്ധിച്ച തീരുമാനം എടുക്കുക.