ജില്ലയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്തായി മരുതറോഡ്
1376106
Wednesday, December 6, 2023 1:18 AM IST
പാലക്കാട്: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ സാക്ഷരതയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കിയ ഇ-മുറ്റം പദ്ധതിയിൽ ജില്ലയിലെ ആദ്യ ഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി മരുതറോഡ് ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ എ. പ്രഭാകരൻ എംഎൽഎ സന്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ മുഖ്യാതിഥിയായി. പഞ്ചായത്തിൽ ഡിജിറ്റൽ നിരക്ഷരായി കണ്ടെത്തിയ 3400 പഠിതാക്കളിൽ 3242 പേർ ഡിജിറ്റൽ സാക്ഷരത കൈവരിച്ചിട്ടുണ്ട്. 95.35 ശതമാനം ഡിജിറ്റൽ സാക്ഷരത കൈവരിച്ച സാഹചര്യത്തിലാണ് പഞ്ചായത്തിനെ ജില്ലയിലെ ആദ്യ സന്പൂർണ സാക്ഷരത ഡിജിറ്റൽ പഞ്ചായത്തായി പ്രഖ്യാപിച്ചത്. മുതിർന്ന പഠിതാക്കളായ തങ്കം, അംബുജം എന്നിവരെ പരിപാടിയിൽ ആദരിച്ചു. വോളന്റിയർ അധ്യാപകർക്കുള്ള മെമന്റോ എംഎൽഎ വിതരണം ചെയ്തു.
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കോ-ഓർഡിനേറ്റർ പ്രജിത, പ്രായമായ അധ്യാപകർ എന്നിവർക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരങ്ങൾ നൽകി. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗോപിനാഥൻ ഉണ്ണിത്താൻ, രാധാകൃഷ്ണൻ, ആർ. കൃഷ്ണകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം രാജലക്ഷ്മി, വാർഡംഗം എം. സജിത്ത്, സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ പി.വി. പാർവതി, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങളായ ഡോ. പി.സി. ഏലിയാമ്മ, ഒ. വിജയൻ, കെ.വി. ജയൻ, പഞ്ചായത്ത് സെക്രട്ടറി കെ.പി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.