ജലസേചന വകുപ്പിന്റെ ഉപയോഗശൂന്യമായ സ്ഥലങ്ങൾ പദ്ധതിക്ക് ഉപയോഗിക്കും
1374847
Friday, December 1, 2023 1:36 AM IST
മണ്ണാർക്കാട്: ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകൾ കേന്ദ്രീകരിച്ചുള്ള പുതിയ വിനോദ സഞ്ചാര നയം കാഞ്ഞിരപ്പുഴയുടെ വിനോദ സഞ്ചാരമേഖലയ്ക്ക് ഏറെ ഗുണം ചെയ്യും. സ്വകാര്യ സ്ഥാപനങ്ങൾക്കും സൊസൈറ്റികൾക്കുമെല്ലാം വിനോദ സഞ്ചാര പദ്ധതികളിൽ പങ്കാളിയാകാമെന്ന നിർദേശം നിലവിൽ ജലസേചന വകുപ്പിന്റെ പരിഗണനയിലുള്ള കാഞ്ഞിരപ്പുഴ ഹോർട്ടികൾച്ചർ ഗാർഡൻ ആൻഡ് വാട്ടർതീം പാർക്ക് പദ്ധതിയുടെ കാര്യത്തിലും പ്രതീക്ഷയേകുന്നു.
ഇടുക്കിയിലെ ഈസ്റ്റേൺ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റിയും കോഴിക്കോട് എഫ്എസ്ഐടിയും ചേർന്ന് കാഞ്ഞിരപ്പുഴയെ സംസ്ഥാനത്തെ തന്നെ വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറ്റുന്നതിന് ആദ്യം മുന്നോട്ട് വരികയും നൂറ് കോടിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി ഉദ്യാനകമ്മിറ്റിക്ക് സമർപ്പിക്കുകയും ഇത് കെ. ശാന്തകുമാരി എംഎൽഎ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കൈമാറുകയും ചെയ്തിരുന്നു. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ പ്ലാനിൽ മാലിന്യ സംസ്കരണ പ്ലാന്റ് കൂടി ഉൾപ്പെടുത്തി പദ്ധതി പുതുക്കി ഈസ്റ്റേൺ ടൂറിസം കോ- ഓപ്പറേറ്റീവ് സൊസൈറ്റി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവിലപ്പമെന്റ് കോർപ്പറേഷന് നേരിട്ട് സമർപ്പിക്കുകയും കിഡ്ക് സിഇഒ ജലസേചന വകുപ്പിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ വകുപ്പ് താത്പര്യപത്രം ക്ഷണിച്ച് എത്രയും വേഗം മാസ്റ്റർ പ്ലാനിന് അംഗീകാരം ലഭ്യമാക്കുമെന്നാണ് കരുതുന്നത്.
കാഞ്ഞിരപ്പുഴയുടെ പ്രകൃതിസൗന്ദര്യവും വിനോദസഞ്ചാരികളുടെ വർധനവും കണക്കിലെടുത്താണ് പുതിയ പദ്ധതിയുമായി അധികൃതർ മുന്നോട്ടു പോകുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിനോദസഞ്ചാര വികസനം സാധ്യമാകുന്ന തരത്തിലുള്ള പുതിയ നയം ജലസേചന വകുപ്പിന്റെ ഡാമുകളോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളും മറ്റ് ഉപയോഗ ശൂന്യമായ സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രമായി മാറാനും വഴിയൊരുക്കും. കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിന് ഇരുവശത്തും ജലസേചന വകുപ്പ് ഓഫീസ് പരിസരത്തുമായി ഏകദേശം അമ്പത് ഏക്കറോളം സ്ഥലമാണ് വെറുതെ കിടക്കുന്നത്.
ഇവിടങ്ങളിലെല്ലാം പദ്ധതികൾ വന്നാൽ ഉദ്യാനത്തിന്റെ മുഖച്ഛായ തന്നെ മാറും. നിലവിൽ ഒമ്പതേക്കറോളം സ്ഥലത്താണ് ഉദ്യാനം സ്ഥിതി ചെയ്യുന്നത്. കെ. ശാന്തകുമാരി എംഎൽഎ ചെയർമാനും, ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര എൻജിനീയർ സെക്രട്ടറിയുമായുള്ള മാനേജ്മെന്റ് കമ്മിറ്റിയാണ് ഉദ്യാനപ്രവർത്തനം ഏകോപിപ്പിക്കുന്നത്.