‘സപ്ലൈകോ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ’
1339084
Friday, September 29, 2023 12:27 AM IST
പാലക്കാട്: ഉമ്മൻചാണ്ടി ഭരണകാലത്ത് പൊതുമാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് അരിയടക്കം 13 ഇനം സബ്സിഡി ഉത്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ന്യായമായ വിലയ്ക്ക് സപ്ലൈകോ, മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾ ബസാറുകൾ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്തിരുന്നത് അട്ടിമറിച്ച പിണറായി സർക്കാരിന്റെ നടപടിമൂലം സപ്ലൈകോ അടച്ചുപൂട്ടൽ ഭീഷണിയിലെന്ന് കേരളാ കോണ്ഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആരോപിച്ചു.
ജനങ്ങൾക്ക് വിലക്കുറവിലൂടെ നിത്യോപയോഗസാധനങ്ങൾ ലഭിക്കുന്നത് ഒരാശ്വാസമായിരുന്നു. എന്നാൽ സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം സപ്ലൈകോ സ്ഥാപനങ്ങൾക്ക് സബ്സിഡിയടക്കമുള്ള സാധനങ്ങൾ നൽകാതെ സ്ഥാപനങ്ങൾ നിശ്ചലമായി.
ഓണത്തിനുപോലും അരിയടക്കമുള്ള സബ്സിഡി സാധനങ്ങൾ സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച് ലഭിച്ചിട്ടില്ല.
സപ്ലൈകോ സ്ഥാപനങ്ങളിൽ സബ്സിഡി സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ വരുന്പോൾ ഇല്ലെന്ന മറുപടിയാണ് ജനങ്ങൾക്ക് ലഭിക്കുന്നത്.
സബ്സിഡി സാധനങ്ങൾ ഇല്ലാത്തതുമൂലം വിൽപന കുറയുന്നതിനാൽ ജീവനക്കാരുടെ ശന്പളം വരെ മുടങ്ങാൻ സാധ്യതയുള്ളതായി യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി. ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ. പുരുഷോത്തമൻ, ട്രഷറർ വി.എം. തോമസ്, സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം എസ്. ജയകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.എം. കുരുവിള, വി. അനിൽകുമാർ, പി.ഒ. വക്കച്ചൻ, ഗ്രേസി ജോസഫ്, അഡ്വ. പി. കെ. ശ്രീധരൻ, എം.എൽ. ജാഫർ, കെ.വി. സുദേവൻ, ശശികുമാർ പിരായിരി, ശ്രീജിത്ത് കല്ല്യാണക്കണ്ടം തുടങ്ങിയവർ പ്രസംഗിച്ചു.