മത്സ്യം വളർത്തൽ പദ്ധതിക്കായി കനാലുകളും ഉപയോഗിച്ചുകൂടേ..?
1337382
Friday, September 22, 2023 1:40 AM IST
വടക്കഞ്ചേരി: ഉപയോഗശൂന്യമായി കിടക്കുന്ന കനാലുകൾ മത്സ്യം വളർത്തൽ പദ്ധതിക്കായി പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തം.
നെൽകൃഷി ഇല്ലാതായതിനെതുടർന്ന് മംഗലംഡാമിൽ നിന്നുള്ള കനാലുകൾ പലഭാഗത്തും പൊന്തക്കാട് കയറിയും വെള്ളം കെട്ടിനിന്ന് കൊതുകുവളർത്തൽ കേന്ദ്രങ്ങളായും മാറിയിരിക്കുകയാണ്.
ഇത്തരം ഉപയോഗശൂന്യമായ കനാലുകളിൽ വർഷത്തിലേറെ മാസക്കാലവും വെള്ളവുമുണ്ട്.സമീപത്തു നിന്നു വെള്ളം പമ്പ് ചെയാനുള്ള സൗകര്യം കൂടിയുണ്ടെങ്കിൽ മത്സ്യക്കൃഷി ലാഭകരമാക്കാം.
കുടുംബശ്രീ പോലെയുള്ളവർക്ക് കനാലുകൾ പാട്ടത്തിന് നൽകിയാൽ മത്സ്യം വളർത്തൽ നടത്താനാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.
അതുവഴി കൊതുകും കൂത്താടിയും നാട്ടിൽ പെരുകുന്നതും ഇല്ലാതാകും. മംഗലംഡാം നിർമിക്കുമ്പോൾ ഉണ്ടായിരുന്ന കൃഷിസ്ഥലങ്ങളിൽ പകുതിയോളവും ഇപ്പോൾ ഇല്ലെന്നാണ് കണക്ക്. നെൽകൃഷി ചെയ്തിരുന്ന പാടങ്ങളെല്ലാം പറമ്പുകളും കെട്ടിടങ്ങളും വീടുകളുമൊക്കെയായി മാറി.
നീർത്തട സംരക്ഷണമെല്ലാം പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. കനാലുകളും കനാൽ പുറമ്പോക്കുകളും കൈയേറി അത് പിന്നീട് മറിച്ച് വിൽപ്പനയും പലയിടത്തും നടക്കുന്നുണ്ട്.
മറ്റു സ്ഥലങ്ങളിൽ സ്ഥലവും വീടും ഉള്ളവരും കനാൽ പുറമ്പോക്കിൽ വീട് ഉണ്ടാക്കി താമസിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. കൈയേറ്റക്കാർക്കെല്ലാം പട്ടയം നൽകുമെന്ന സർക്കാർ പ്രഖ്യാപനം കൂടിയായപ്പോൾ പുറമ്പോക്ക് പിടിച്ചെടുക്കൽ കൂടിയിരിക്കുകയാണ്.